തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ കാരവൻ ടൂറിസം പാതിവഴിയിൽ നിലച്ചു. പൂർണസജ്ജമായ ഒരു കാരവൻ പാർക്ക് മാത്രമാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. 1,590 കാരവനുകൾ ആരംഭിക്കാൻ 373 സംരംഭകരും 162 കാരവൻ പാർക്കുകൾ തുടങ്ങാൻ 115 സംരംഭകരുമാണ് ആദ്യം രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ 11 കാരവനുകൾ മാത്രമാണ് പുറത്തിറങ്ങിയത്. സ്വകാര്യ ഹോട്ടൽ ടൂറിസം സംരംഭകരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്.
തിരുവനന്തപുരം, വാഗമൺ, വയനാട്, മലപ്പുറം, തൊടുപുഴ, കൊച്ചി, ആലുവ, കൊടുങ്ങല്ലൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് കാരവനുകൾ പ്രവർത്തിക്കുന്നത്. ആറ് പേർക്കായുള്ള യാത്രയാണ് കാരവനുകൾ വഴി ലക്ഷ്യമിട്ടിരുന്നത്. 80 കിലോമീറ്ററിന് 20,000 രൂപ മുതൽ 25,000 രൂപ വരെയാണ് പ്രതിദിനം വാടകയിനത്തിൽ ഈടാക്കുക. പിന്നീടുള്ള 60 രൂപ വച്ച് ഈടാക്കുന്നതാണ്. എന്നാൽ തുടങ്ങിയ കാലം മുതൽക്കേ ഈ പദ്ധതിയോട് വിനോദസഞ്ചാരികൾ മുഖം തിരിക്കുകയായിരുന്നു.
വേണ്ടത്ര പാർക്കിംഗ് സൗകര്യങ്ങൾ സജ്ജമാക്കുമെന്നും പദ്ധതിയെ പ്രോത്സാഹിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപനങ്ങൾ നടത്തിയിരുന്നെങ്കിലും പിന്നീട് ജലരേഖ പോലെയായി.സഞ്ചാരികൾ പ്രയോജനപ്പെടുത്താത്തതും പാർക്കുകളുടെ കുറവുമാണ് പ്രതിസന്ധിയെന്ന് സംരംഭകർ പറയുന്നു.















