ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ മുൻഭർത്താവ് ഷൊയ്ബ് മാലിക്കിന്റെ രണ്ടാം വിവാഹത്തിന്റെ വിവരം ഇന്നാണ് പുറത്തെത്തിയത്. പാകിസ്താൻ നടി സന ജാവേദാണ് വധു. താരം തന്നെയാണ് വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഇതിനിടെ സാനിയ മിർസ കഴിഞ്ഞ ദിവസം പങ്കുവച്ചൊരു പോസ്റ്റ് വൈറലാവുകയാണ്.
“വിവാഹം കഠിനമാണ്, വിവാഹമോചനവും. നിങ്ങളുടേത് തിരഞ്ഞെടുക്കുക,” എന്ന് തുടങ്ങുന്ന പോസ്റ്റിൽ വേർപിരിയൽ സ്ഥരീകരിക്കുന്നതായിരുന്നു. എന്നാൽ ഇരുവരുടെയും ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങളാന്നുമുണ്ടായിരുന്നില്ല. ഇസ്റ്റഗ്രാം സ്റ്റോറിയിലാണ് താരം വേർപിരിയൽ സംഭവത്തെക്കുറിച്ച് പരോക്ഷമായി പരാമർശിച്ചത്.
ഇതിന് തൊട്ടുപിന്നാലെയാണ് 41-കാരനായ ഷൊയ്ബ് മാലിക്കിന്റെ വിവാഹ ഫോട്ടോ പുറത്തുവന്നത്. സജീവ ക്രിക്കറ്റിൽ നിന്ന് ഇതുവരെ വിരമിച്ചിട്ടില്ലാത്ത താരം പാക് ദേശീയ ടീമിലേക്ക് ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ്. 2010ല്‍ വിവാഹിതരായ സാനിയയും മാലിക്കും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ 2022 മുതലാണ് പരസ്യമാവാൻ തുടങ്ങിയത്. പിന്നാലെ നിരവധി തവണ ഇവർ ഒരുമിച്ച് വേദികൾ പങ്കിട്ടിരുന്നെങ്കിലും അഭ്യൂഹം കൂടുതൽ ശക്തമാവുകയായിരുന്നു.