ന്യൂഡൽഹി: സ്ത്രീ പ്രതിനിധ്യത്തിൽ പുതു ചരിത്രം കുറിച്ച് രാജ്യത്തെ പരമോന്നത നീതി പീഠം. സുപ്രീം കോടതി 11 വനിതകൾക്ക് മുതിർന്ന അഭിഭാഷക പദവി നൽകി ആദരിച്ചു. 1950-ൽ സുപ്രീം കോടതി സ്ഥാപിതമായതിനുശേഷം 12 വനിതാ അഭിഭാഷകർക്ക് മാത്രമാണ് ഈ ബഹുമതി ലഭിച്ചത്. 45 പുരുഷ അഭിഭാഷകരെയും മുതിർന്ന അഭിഭാഷകരായി ഉയർത്താൻ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.
ശോഭ ഗുപ്ത, സ്വരൂപമ ചതുർവേദി, ലിസ് മാത്യു, കരുണ നന്ദി, ഉത്തര ബബ്ബർ, ഹരിപ്രിയ പദ്മനാഭൻ, അർച്ചന പഥക് ദവെ, ഷിരീൻ ഖജൂറിയ, എൻ. എസ്. നപ്പിനൈ, എസ്. ജനനി, നിഷ ബാഗ്ചി എന്നിവരാണ് പുതു നേട്ടത്തിന് അർഹരായത്. 56 അഭിഭാഷകരെ മുതിർന്ന അഭിഭാഷകരായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പുറത്തിറക്കി.
വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് ഇന്ദു മൽഹോത്രയാണ് സീനിയർ അഡ്വക്കേറ്റ് പദവി ലഭിച്ച ആദ്യ അഭിഭാഷക. സുപ്രീം കോടതി സ്ഥാപിതമായിട്ട് 57 വർഷത്തിന് ശേഷം, 2007ലാണ് ഈ ചരിത്ര നേട്ടത്തിന് അവർ സ്വന്തമാക്കിയത്.