ന്യൂഡൽഹി: നടി രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ. ആന്ധ്രാപ്രദേശിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വീഡിയോ ഉണ്ടാക്കിയയാളാണ് അറസ്റ്റിലായത്. ഡല്‍ഹി പോലീസിലെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് വിഭാഗമാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ നവംബറിലാണ് രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വീഡിയോ നിർമ്മിച്ചത്. രശ്മികയുടെ വീഡിയോക്ക് പിന്നാലെ കത്രീന കൈഫ്, അമിതാഭ് ബച്ചൻ, പ്രിയങ്ക ചോപ്ര, സച്ചിൻ ടെണ്ടുൽക്കർ എന്നിവരുടെ ഡീപ്ഫേക്ക് വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഡീപ്ഫേക്ക് വിഷയം വലിയ ചർച്ചയായതിന് പിന്നാലെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. എഐ സാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്തുണ്ടാക്കുന്ന ഡീപ്ഫേക്ക് വീഡിയോകൾ പ്രചരിപ്പിക്കുന്നത് തടയണമെന്ന് വിവിധ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.















