ഗീതാ ഗോവിന്ദം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയരായി മാറിയ താരങ്ങളാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. പിന്നാലെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തയും പ്രചരിച്ചിരുന്നു. അടുത്തിടെയാണ് ഇരുവരുടെയും വിവാഹ നിശ്ചയം ഉടൻ ഉണ്ടാകുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. ഈ സംഭവത്തിൽ താരങ്ങൾ പ്രതികരിക്കാതിരുന്നതോടെ വാർത്ത ശരിവയ്‌ക്കുകയായിരുന്നു ആരാധകർ.
ഫെബ്രുവരി രണ്ടാം വാരം വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ നിശ്ചയം ഉണ്ടാകുമെന്ന തരത്തിലായിരുന്നു വാർത്തകൾ പുറത്തുവന്നത്. തെലുങ്ക് മാദ്ധ്യമങ്ങൾ തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിജയ് ദേവരക്കൊണ്ട. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
ഫെബ്രുവരിയിൽ എന്റെ വിവാഹ നിശ്ചയം നടക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും വ്യാജമാണ്. എല്ലാ വർഷവും എന്റെ വിവാഹം ഉടൻ ഉണ്ടാകുമെന്ന തരത്തിൽ മാദ്ധ്യമങ്ങളിൽ വാർത്തകൾ ഉണ്ടാകാറുണ്ട്. എന്റെ വിവാഹ വിശേഷങ്ങൾ അറിയാൻ അവർ എന്റെ പിന്നാലെ തന്നെയുണ്ട്. വിജയ് ദേവരക്കൊണ്ട പറഞ്ഞു.
ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ആടുത്ത സുഹൃത്തുക്കൾ കൂടിയായ ഇരുവരും വിശേഷ ദിവസങ്ങളിലും അവധിക്കാലവും ഒന്നിച്ച് ആഘോഷിക്കുന്നതാണ് ഇത്തരത്തിലെ അഭ്യൂഹങ്ങൾക്ക് കൂടുതലും വഴിയൊരുക്കുന്നത്. അടുത്തിടെ വിജയുടെ ഹൈദരാബാദിലെ വീട്ടിൽ ഇരുവരും ദീപാവലി ആഘോഷിച്ചതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.















