പത്തനംതിട്ട: കൂടൽ ബെവ്‌കോ ഔട്ട്‌ലെറ്റിൽ നിന്നും 81 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതി കീഴടങ്ങി. ബെവ്‌കോയിലെ എൽ ഡി ക്ലർക്കായ അരവിന്ദ് ആണ് കോടതിയിൽ കീഴടങ്ങിയത്. റമ്മി കളിക്കാനായാണ് പ്രതി ബെവ്‌കോ ഔട്ട്‌ലെറ്റിൽ നിന്നും പണം തട്ടിയതെന്ന് പോലീസ് പറഞ്ഞു.
2023 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവിധ ഘട്ടങ്ങളിലായി ബാങ്കിൽ അടയ്‌ക്കാൻ കൊടുത്തുവിട്ട പണമാണ് ഇയാൾ ആറ് മാസം കൊണ്ട് കൈക്കലാക്കി മുങ്ങിയത്. ഇയാളുടെ അക്കൗണ്ടിൽ നിന്നും 31 ലക്ഷം രൂപ പോലീസ് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കർണാടക യശ്വന്ത്പുർ സ്വദേശികളുടെ അക്കൗണ്ടിലേക്ക് ബാക്കി തുക പോയതായി കണ്ടെത്തി. അരവിന്ദിനായുള്ള അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനിടെയാണ് പ്രതി കോടതിയിൽ കീഴടങ്ങിയത്.















