പാലക്കാട്: വീൽചെയർ സീറ്റ് തകർന്ന് രോഗി നിലത്ത് വീണു. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. തണ്ണീർപന്തൽ സ്വദേശി മൊയ്തുവാണ് വീൽചെയറിൽ നിന്നും പുറത്തേക്ക് വീണത്. കാലിൽ പഴുപ്പ് ബാധിച്ച് ഒരുമാസത്തോളമായി ചികിത്സ തുടരവെയാണ് സംഭവം. മൊയ്തുവിനെ സ്‌കാനിംഗിനായി കൊണ്ടുപോകവെയാണ് അപകടം സംഭവിച്ചത്.
മടക്കി വയ്‌ക്കാവുന്ന തരം വീൽചെയറിലാണ് മൊയ്തുവിനെ കൊണ്ടുപോയത്. ഇതിൽ ഇരുന്ന ഉടൻ തന്നെ സീറ്റ് തകർന്ന് നിലത്തേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ കാര്യമായി പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. എന്നാൽ വീൽചെയർ പഴയതല്ലെന്നും എങ്ങനെയാണ് പൊട്ടിവീണതെന്ന് അറിയില്ലെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. അതേസമയം ആശുപത്രി അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന പരാതി ബന്ധുക്കൾ ഉന്നയിച്ചു.