യുവതലമുറയുടെ കഥ പറയുന്ന ചിത്രം എൽഎൽബിയുടെ ആദ്യ ഗാനം പുറത്തിറങ്ങി. ‘പാറുകയായ് പടരുകയായ്’എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. കൈലാസ് മേനോൻ സംഗീതം നൽകിയ ഗാനം നരേഷ് അയ്യരും വൈഷ്ണവ് ഗിരീഷും ചേർന്നാണ് ആലപിച്ചത്.
അനൂപ് മേനോൻ, ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് എൽഎൽബി. കോളേജ് പശ്ചാത്തലത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. എഎം സിദ്ധിഖിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഫെബ്രുവരി രണ്ടിന് തിയേറ്ററിലെത്തും.
യുവത്വത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന ചിത്രമാണ് എൽഎൽബി. സിബി, സൽമാൻ, സഞ്ജു എന്നീ മൂന്ന് സുഹൃത്തുക്കളുടെ കോളേജ് പ്രവേശനവും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണിയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.