വയനാട്: പൊതുമദ്ധ്യത്തിൽ സിവിൽ പോലീസ് ഓഫീസർക്ക് മേലുദ്യോഗസ്ഥന്റെ മർദ്ദനം. വൈത്തിരി പോലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്ടർ ബോബി വർഗീസാണ് അതേ സ്റ്റേഷനിലെ കീഴുദ്യോഗസ്ഥനെ മർദ്ദിച്ചത്.കഴിഞ്ഞ ദിവസം രാത്രി വൈത്തിരി കാനറ ബാങ്കിന് സമീപമായിരുന്നു സംഭവം. സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ വിവാദമായി. തുടർന്ന് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറി.
പെൺകുട്ടിയോട് ഒരാൾ അപമര്യാദയായി പെരുമാറിയെന്ന അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് പോലീസുകാർ സ്ഥലത്തെത്തിയത്. എന്നാൽ യൂണിഫോമിൽ അല്ലാതിരുന്ന സിവിൽ പോലീസ് ഓഫീസർ വാഹനത്തിൽ നിന്ന് ഇറങ്ങിയില്ല. ഇതിന് പിന്നാലെയാണ് സംഭവം. പെട്ടെന്നുള്ള ദേഷ്യത്തിന്റെ പുറത്ത് ചെയ്ത് പോയെന്നാണ് ഇൻസ്‌പെക്ടർ നൽകുന്ന വിശദീകരണം. മേലുദ്യോഗസ്ഥനെതിരെ പരാതിയില്ലെന്ന് സിവിൽ പോലീസ് ഓഫീസറും പറഞ്ഞു.















