ലക്നൗ: പ്രാണ പ്രതിഷ്ഠ ചടങ്ങ് അഭിമാന മുഹൂർത്തമാണെന്ന് രാമജന്മഭൂമിക്കായി ജീവൻ ബലി നൽകിയ കോത്താരിമാരുടെ സഹോദരി പൂർണിമ. ഭാരത ഹൃത്തിൽ രാമക്ഷേത്രം ഉയരുന്നത് അഭിമാനമാണെന്നും അന്നേ ദിനം ചടങ്ങിൽ സംബന്ധിക്കാൻ സാധിക്കുന്നത് സൗഭാഗ്യമാണെന്നും അവർ ജനം ടിവിയോട് പറഞ്ഞു.
യുവത്വത്തിന്റെ നല്ല കാലത്താണ് സഹോദരന്മാരായ രാംകുമാറും ശരതും കർസേവയിൽ പങ്കെടുക്കാനായി അയോദ്ധ്യയുടെ മണ്ണിലെത്തി ജീവൻ ബലിയർപ്പിച്ചത്. ജീവിതത്തിലുണ്ടായ വലിയ നഷ്ടമായിരുന്നു അത്. അന്നു മുതൽ അതൊരു മായാത്ത നോവാണ്. എന്നാൽ ഇന്ന് ദുഃഖത്തിലുപരി അഭിമാനമാണ്. അവരുടെ ബലിദാനത്തിന് ഏറെ വില കൽപ്പിക്കുന്നു. അവർ പിറന്ന അതേ അമ്മയുടെ ഗർഭപാത്രത്തിൽ പിറക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും അഭിമാനവും തോന്നുന്നുവെന്നും പൂർണിമ പറഞ്ഞു.
രാമജന്മഭൂമി അതിന്റെ പ്രതാപം വീണ്ടെടുക്കുകയാണെന്നും അവർ പറഞ്ഞു. വിമാന മാർഗമാണ് അയോദ്ധ്യയിലെത്തിയത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായുള്ള അയോദ്ധ്യയെ എനിക്കറിയാം. അന്നൊന്നുമില്ലാത്ത മാറ്റമാണ് ശ്രീരാമന്റെ മണ്ണ് ഇന്ന് സാക്ഷ്യം വഹിച്ചത്. വികസന കുതിപ്പിൽ മുന്നേറുന്ന അയോദ്ധ്യയുടെ കാഴ്ച തന്നെ മനം കവരുന്നുവെന്നും അവർ ജനം ടിവിയോട് പറഞ്ഞു.
1990-ലാണ് കർസേവയിൽ പങ്കെടുക്കാനായി കൊൽക്കത്ത സ്വദേശികളായ രാം കുമാർ കോത്താരിയും, ശരത് കോത്താരിയും ഉത്തർപ്രദേശിൽ എത്തുന്നത്. രാമക്ഷേത്രം യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പിലാണ് കോത്താരി സഹോദരങ്ങൾ കൊല്ലപ്പെട്ടത്. രാമജന്മഭൂമിയ്‌ക്കായി ജീവൻ ബലി നൽകിയ രാമഭക്തരുടെ സ്മരണയ്‌ക്കായി അയോദ്ധ്യയിൽ സ്മാരകം നിർമ്മിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.















