എറണാകുളം: മോഹൻലാൽ-ലിജോ ജോസ് പെല്ലിശേരി ചിത്രം മലൈക്കോട്ടെ വാലിബൻ 25നാണ് റിലീസ് ചെയ്യുന്നത്. ഓരോ ദിവസവും ആരാധകരെ ആവേശത്തിലാഴ്‌ത്തുന്ന അപ്ഡേറ്റുകളാണ് പുറത്തുവരുന്നത്. ഇതോടെ ചിത്രത്തിന് ഇരട്ടി ഹൈപ്പാണ് ലഭിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രം വലിയൊരു തിയേറ്റർ അനുഭവമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മലയാളിത്തിന് പുറമെ വിവിധ ഭാഷകളിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിനെക്കുറിച്ചുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഹിന്ദിപതിപ്പിൽ മലൈക്കോട്ടെ വാലിബനായ മോഹൻലാലിന് വേണ്ടി ശബ്ദം നൽകുന്നത് പ്രശസ്ത സംവിധായകനായ അനുരാഗ് കശ്യപാണ്. അദ്ദേഹം സിനിമ കണ്ടതിന് ശേഷമാണ് ഡബ്ബ് ചെയ്യാമെന്ന് തീരുമാനിച്ചതെന്നും മോഹൻലാൽ പറഞ്ഞു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
അദ്ദേഹവും നമ്മുടെ സംവിധായകനും കൂടിയാണ് എന്നെ വിളിച്ചത്. വളരെ സന്തോഷത്തോടെ ഞാൻ ഈ സിനിമ ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും മോഹൻലാൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പുറത്തെത്തിയ ട്രെയിലറിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്.