അനൂപ് മേനോനും ധ്യാൻ ശ്രീനിവാസനും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും കൊച്ചിയിൽ നടന്നു. മനോജ് പാലോടനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊച്ചിയിൽ നടന്ന പൂജാ ചടങ്ങിൽ സിനിമാ സാംസ്‌കാരിക രംഗത്തെ നിരവധിപ്പേർ പങ്കെടുത്തു. ഹ്യൂമറിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത്.
ആബാം മൂവിസിന്റെ ബാനറിൽ ഷീലു എബ്രഹാമാണ് ചിത്രം അവതരിപ്പിക്കുന്നത്. എബ്രഹാം മാത്യു ആണ് ‘പ്രൊഡക്ഷൻ നമ്പർ 14’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത്. കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഒരിടവേളയ്‌ക്ക് ശേഷം കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും, അവരെ ചുറ്റിപ്പറ്റിയുള്ള രസകരമായ സംഭവങ്ങളിലൂടെയുമാണ് ചിത്രം കടന്നു പോകുന്നത്. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായിരിക്കും സിനിമയുടെ ലൊക്കേഷൻ. ഷീലു എബ്രഹാമും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അസീസ് നെടുമങ്ങാട്, ജോണി ആന്റണി, സെന്തിൽ, സജിൻ ചെറുകയിൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ബി.കെ ഹരി നാരായണന്റെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത് കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ് കൂടിയായ പ്രകാശ് ഉള്ളേരിയാണ്. ഛായാഗ്രഹണം – മഹാദേവൻ തമ്പി, എഡിറ്റർ- സിയാൻ ശ്രീകാന്ത്, കലാസംവിധാനം- അജയ് ജി അമ്പലത്തറ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ.















