ലോകമെമ്പാടും പ്രാണ പ്രതിഷ്ഠ ചടങ്ങിന്റെ ആഘോഷ നിറവിലാണ്. ഓരോ ശ്രീരാമഭക്തനും ഇന്നേ ദിനം അയോദ്ധ്യയുടെ മണ്ണിലെത്താൻ കൊതിക്കുകയാണ്. എന്നാൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് ഇന്ന് രാമക്ഷേത്രത്തിലെത്താൻ അനുമതിയുള്ളൂ. പ്രമുഖരുൾപ്പടെ പലർക്കും ഇന്ന് സംബന്ധിക്കാൻ കഴിയില്ല. എന്നിരുന്നാലും ചടങ്ങുകളുടെ തത്സമയ ദൃശ്യങ്ങളും വീഡിയോകളും കാണാൻ അവസരമുണ്ടാകും. രാജ്യത്തിന്റെ അകത്തും പുറത്തും ഇതിനായി വൻ സജ്ജീകരണങ്ങളാണ് ചടങ്ങുകൾ കാണാനായി ഒരുക്കിയിരിക്കുന്നത്.
രാവിലെ 11 മണിക്ക് ആരംഭിച്ച് ഉച്ചയ്‌ക്ക് ഒരു മണിയോടെ അവസാനിക്കും വിധത്തിലാകും പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടക്കുക. DD ന്യൂസിലും DD നാഷണൽ ചാനലുകളിലും യൂട്യൂബിലും ചടങ്ങിന്റെ തത്സമയ സംപ്രേഷണം കാണാവുന്നതാണ്. ജനം ടിവിയിലും യൂട്യൂബ് ചാനലിലും തത്സമയ സംപ്രേഷണമുണ്ടാകും.
സരയു ഘട്ടിന് സമീപമുള്ള രാം കി പൈഡി, കുബേർ തിലയിലെ ജടായു പ്രതിമ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്യും. രാജ്യത്തുടനീളമുള്ള നിരവധി സിനിമാ തിയേറ്ററുകളിലും ചടങ്ങിന്റെ തത്സമയ ദൃശ്യങ്ങൾ പ്രദർശിപ്പിക്കും. മൾട്ടിപ്ലെക്‌സ് ഓപ്പറേറ്റർ പിവിആർ ഐനോക്‌സ് (PVR INOX) 70-ലധികം നഗരങ്ങളിലായി 160 സിനിമാ സ്‌ക്രീനുകളിൽ തത്സമയ സ്‌ക്രീനിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്.
വിദേശ രാജ്യങ്ങളിലും പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം നടത്തും. കാനഡ, അമേരിക്ക,യുകെ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ വലിയ സ്ക്രീനുകളാണ് ഇതിനായി സജ്ജമാക്കിയിട്ടുള്ളത്.
അമേരിക്കയിൽ..
ന്യൂയോർക്ക് സിറ്റിയിലെ ടൈംസ് സ്ക്വയറിലെ വലിയ സ്‌ക്രീനുകളിൽ ചടങ്ങ് പ്രദർശിപ്പിക്കും. ബോസ്റ്റണിലും വാഷിംഗ്ടണിലും മറ്റ് നഗരങ്ങളിലുടനീളമുള്ള ബിൽബോർഡുകൾ പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യും. ലോകമെമ്പാടുമുള്ള ആളുകൾക്ക് ദൂരദർശൻ നാഷണൽ യുട്യൂബ് ചാനൽ വഴി ചടങ്ങ് കാണാവുന്നതാണ്.
ഓസ്ട്രേലിയയിൽ..
സിഡ്‌നി, മെൽബൺ, അഡ്‌ലെയ്‌ഡ് തുടങ്ങിയ നഗരങ്ങളിലെ കമ്മ്യൂണിറ്റി അംഗങ്ങളും ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം നടത്തും. ഓസ്ട്രേലിയയിലും ദൂരദർശന്റെ യൂട്യൂബ് ചാനലിൽ ചടങ്ങ് കാണാവുന്നതാണ്.
കാനഡയിലെ ഹൈന്ദവ ക്ഷേത്രമായ മിസ്സിസാഗ റാം മന്ദിറിന്റെ യൂട്യൂബ് ചാനലിൽ തത്സമയം ചടങ്ങ് കാണാവുന്നതാണ്. യുകെയിലുള്ളവർക്ക് ഡിഡി യൂട്യൂബിലും പ്രാണ പ്രതിഷ്ഠാ ചടങ്ങ് ദർശിക്കാം.















