പൗഷമാസത്തിലെ ശുക്ലപക്ഷ ദ്വാദശി ദിനമാണ് ഇന്ന്. ഉച്ചയ്‌ക്ക് 12:29:8 മുതൽ 12:30: 32 നാഴിക വരെയുള്ള പവിത്രമായ അഭിജിത്ത് മുഹൂർത്തത്തിലാകും രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്. 84 സെക്കൻഡാണ് പ്രാണ പ്രതിഷ്ഠാ മുഹൂർത്തം. വിഷ്ണുവിന്റെ പൂജയ്‌ക്ക് പ്രധാനമാണ് ഈ ദിനം.
വിധി പ്രകാരമുള്ള അനുഷ്ഠാനങ്ങൾ കഴിഞ്ഞ 16-ന് ആരംഭിച്ചിരുന്നു. വിവിധ വസ്തുക്കൾക്കൊപ്പം വിഗ്രഹം കിടത്തിയുള്ള അധിവാസമാണ് മറ്റ് യജ്ഞങ്ങൾക്കൊപ്പം നടത്തിയത്. ട്രസ്റ്റ് അംഗവും അയോദ്ധ്യ രാജകുടുംബാംഗവുമായ അനിൽ മിശ്രയും പത്നിയുമായിരുന്നു ഈ ചടങ്ങുകളുടെ യജമാനർ. പ്രായശ്ചിത്ത പൂജയോടെയാണ് തുടങ്ങിയത്. 17-ന് മൂർത്തിയെ ക്ഷേത്ര പരിസരത്തേക്ക് കൊണ്ടുവന്നു. 18-ന് തീർത്ഥ പൂജ, ജലയാത്ര, ജലാധിവാസം, ഗന്ധാധിവാസം എന്നിവ നടന്നു.
19-ന് ഔഷധിവാസം, കസ്തൂരി അധിവാസം, കസ്തൂരി അധിവാസം, നെയ്യ് അധിവാസം, ധാന്യാധിവാസം എന്നിവയും 20-ന് ശർക്കര, വിവിധ ഫലങ്ങൾ, പുഷ്പങ്ങൾ എന്നിവയിലുള്ള അധിവാസവും നടന്നു. ഇന്നലെ ശയ്യാധിവാസവും നടന്നു. ഇന്ന് പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം വിഗ്രഹത്തിന്റെ കണ്ണ് മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റും. തുടർന്ന് അഞ്ജനമെഴുതി ഭഗവാനെ കണ്ണാടി കൊണ്ട് കാണിക്കുന്നതോടെ ദർശനത്തിന് തുടക്കമാകും. അചലമൂർത്തിയായ പുതിയ വിഗ്രഹത്തിന് പുറമേ ഉത്സവ മൂർത്തികളായി ഇതുവരം ആരാധിച്ചിരുന്ന രാംലല്ല, ഭരതൻ, ശത്രുഘ്നൻ, ലക്ഷ്മണൻ എന്നിവരുടെ വിഗ്രഹങ്ങളും സ്ഥാപിച്ചിട്ടുണ്ട്.















