ന്യൂഡൽഹി: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ തത്സമയ സംപ്രേഷണം തടഞ്ഞ തമിഴ്‌നാട് സർക്കാരിന്റെ നീക്കത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി. സംഭവത്തിൽ തമിഴ്‌നാട് സർക്കാരിനോട് വിശദീകരണം തേടിയ സുപ്രീംകോടതി നോട്ടീസ് അയച്ചു.
പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് സംസ്ഥാനത്ത് പൂജകൾ നടത്തുന്നതിനും അർച്ചനയും അന്നദാനവും നടത്തുന്നതിനും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതായി ഹർജിയിൽ പറയുന്നു. പോലീസ് ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച വാക്കാൽ നിർദ്ദേശം ലഭിച്ചുവെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്.
എന്നാൽ യാതൊരു തരത്തിലുള്ള നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ലെന്ന് തമിഴ്‌നാട് സർക്കാർ കോടതിയെ അറിയിച്ചു. രാഷ്‌ട്രീയനേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച ഹർജിയാണെന്നും സർക്കാർ ആരോപിച്ചു.
പ്രാണപ്രതിഷ്ഠയുടെ തത്സമയ ദൃശ്യങ്ങൾ കാണുന്നതിനായി സ്ഥാപിച്ച എൽഇഡി സ്ക്രീനുകൾ നീക്കം ചെയ്ത തമിഴ്നാട് സർക്കാരിന്റെ നടപടിയിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ രൂക്ഷവിമർശനമുന്നയിച്ചു. ആരാധന നടത്താനുള്ള ജനങ്ങളുടെ അവകാശത്തെ ഡിഎംകെ സർക്കാർ ഹനിക്കുകയാണെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.















