സമ്മർദ്ദം അനുഭവിക്കാത്തവരായി ആരാണ് ഉള്ളതല്ലേ. ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ സമ്മർദ്ദം നമ്മെ വലിഞ്ഞു മുറുകും, അല്ലെങ്കിൽ മുറുകിയിട്ടുള്ളവരാകും ഭൂരിഭാഗം പേരും. ചില അവസരങ്ങളിൽ എല്ലാം കൈവിട്ട് പോകും പോലെ വരെ തോന്നി പോകാം. അകറ്റാൻ വഴികൾ പലവിധം തേടി അലയുന്നവരാകും മിക്കവരും. എന്നാൽ ചില ആഹാരങ്ങളിലൂടെ നമ്മുടെ സമ്മർദ്ദത്തെ കുറയ്‌ക്കാൻ സാധിക്കും. അവയിൽ ചിലത് ഇതാ..
1) ഡാർക്ക് ചോക്ലേറ്റ്
നമ്മൾ സമ്മർദ്ദത്തിലാകുമ്പോൾ ശരീരം കോർട്ടിസോൾ എന്ന ഹോർമോൺ പുറപ്പെടുവിക്കുന്നു. ഇത് കുറയ്‌ക്കാനായി ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് സഹായിക്കും.
70-85 ശതമാനത്തോളം കൊക്കോ ഉള്ള ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതാണ് നല്ലത്. കോർട്ടിസോൾ ലഘൂകരിക്കാൻ ഇത് സഹായിക്കുന്നു. നാരുകളും അവശ്യ ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ളവയാണ് ഡാർക്ക് ചോക്ലേറ്റ്.
2) യോഗർട്ട്
ദഹനം, മാനസികാവസ്ഥ, ചിന്ത എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. യോഗർട്ടിലെ പ്രോബയോട്ടിക്സും പ്രീബയോട്ടിക്സും കൊളസ്ട്രോൾ കുറയ്‌ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കുന്നു, ഇത് കുടലിന്റെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും നല്ല ഓപ്ഷനാണ്.
3) ഇലക്കറികൾ
ഫോളേറ്റ് സമ്പന്നമാണ് ഇലക്കറികൾ. ഹാപ്പി ഹോർമോണുകളായ ഡോപാമൈൻ, സെറോടോണിൻ എന്നിവ ഉത്പാദിപ്പിക്കാൻ ഇവ സഹായിക്കുന്നു.
4) സിട്രസ് പഴങ്ങൾ
വിറ്റാമിൻ സി ഉപയോഗിച്ചാണ് അഡ്രീനൽ ഗ്രസ്ഥികൾ കോർട്ടിസോൾ പുറന്തള്ളുന്നത്. അതിനാൽ സമ്മർദ്ദ സമയങ്ങളിൽ ശരീരത്തിന് കൂടുതൽ വിറ്റാമിൻ സി ആവശ്യമാണ്. ഓറഞ്ച്, പപ്പായ, മാമ്പഴം തുടങ്ങിയ വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ കഴിക്കേണ്ടതാണ്.
5) പയർ വർഗങ്ങൾ
നിരന്തരമായി സമ്മർദ്ദം അനുഭവിക്കുന്നത് ശരീരത്തിൽ വീക്കം ഉണ്ടാവാൻ കാരണമാകുന്നു. അതിനാൽ തന്നെ ഈ സമയത്ത് രോഗങ്ങൾ വരാനുള്ള സാധ്യത കൂടുന്നു. പോളിഫെനോളുകൾ സമ്പന്നമായ പയറുവർഗങ്ങളും ബീൻസും കഴിക്കുന്നത് രോഗങ്ങളിൽ നിന്ന് സംരക്ഷിക്കും. കുടലിന്റെ ആരോഗ്യത്തിനും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.