പ്രാണപ്രതിഷ്ഠാ മുഹൂർത്തത്തിൽ വീട്ടിൽ വിളക്ക് തെളിയിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഭാര്യ പ്രീതി നടേശനൊപ്പം പൂജ മുറിയിൽ വിളക്ക് തെളിയിക്കുന്ന ചിത്രങ്ങളും അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. പ്രാണപ്രതിഷ്ഠയുടെ പുണ്യം ഓരോ ഭവനങ്ങളിലേക്കും, ഓരോ ഹൃദയത്തിലേക്കും എത്തട്ടെയെന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചിരിക്കുന്നത്.
“സരയൂതീരത്ത് അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ നടന്ന പ്രാണപ്രതിഷ്ഠയുടെ പുണ്യം ഓരോ ഭവനങ്ങളിലേയ്ക്കും, ഓരോ ഹൃദയത്തിലേയ്ലേക്കും എത്തിടട്ടെ.” – വെള്ളാപ്പള്ളി നടേശൻ കുറിച്ചു.
അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയിൽ ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ കർമ്മം ഓരോ ഭാരതീയന്റെയും അഭിമാനമുയർത്തുന്ന ആത്മീയ മുഹൂർത്തമാണ്. അയോദ്ധ്യ രാമക്ഷേത്രത്തിൽ പൂജിച്ച അക്ഷതവും അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു. ആർ.എസ്.എസ്.പ്രാന്തീയ കാര്യകാരി സദസ്യൻ എ.ആർ.മോഹനിൽ നിന്നുമാണ് അദ്ദേഹം അക്ഷതം ഏറ്റുവാങ്ങിയത്. ശ്രീരാമചന്ദ്ര ഭഗവാൻ മതസമന്വയത്തിന്റെ ഉത്തമ പ്രതീകമാണെന്നും ജനുവരി 22ന് പ്രതിഷ്ഠാ മുഹൂർത്തത്തിൽ ജാതി, മത ഭേദമെന്യേ എല്ലാവരും സ്വഭവനങ്ങളിൽ ദീപം തെളിച്ച് ലോകനന്മയ്ക്കായി പ്രാത്ഥിക്കണമെന്നും അദ്ദേഹം അന്ന് ആഹ്വാനം ചെയ്തിരുന്നു.