ന്യൂഡൽഹി: രാജ്യം സാക്ഷ്യം വഹിച്ച ചരിത്ര മുഹൂർത്തത്തിന് ഇന്ന് പരിസമാപ്തി കുറിച്ചു. രാജ്യത്തെ ഓരോ ഭക്തനും ഓരേ മനസോടെ രാംലല്ലയുടെ മുന്നിൽ തൊഴുതി വണങ്ങിയ നിമിഷം. ശ്രീരാമൻ തിരികെ അയോദ്ധ്യയിലെത്തിയ ഈ ശുഭദിനത്തിൽ ഓരോ വിശ്വാസിയും ദീപാവലി ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ന്യൂഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ ദീപങ്ങൾ തെളിയിച്ച് ശ്രീരാമനെ വരവേറ്റു.
മഞ്ഞ പശ്മീരി ഷാൾ അണിഞ്ഞ് ശ്രീരാമചന്ദ്രന്റെ മുന്നിൽ വെങ്കല വിളക്കുകൾ തെളിയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുന്നത്. ‘രാമജ്യോതി’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം എക്‌സിൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 14 വർഷത്തെ വനവാസം അവസാനിപ്പിച്ച് ശ്രീരാമൻ തിരികെ അയോദ്ധ്യയിൽ എത്തുന്ന ശുഭദിനമാണ് ജനങ്ങൾ ദീപാവലിയായി ആഘോഷിക്കുന്നത്. ഇന്ന് മറ്റൊരു ദീപാവലിയാണെന്നും അദ്ദേഹം പറഞ്ഞു.
रामज्योति! #RamJyoti pic.twitter.com/DTxg2QquTT
— Narendra Modi (@narendramodi) January 22, 2024
പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് 11 ദിവസത്തെ വ്രതമായിരുന്നു പ്രധാനമന്ത്രി അനുഷ്ഠിച്ചിരുന്നത്. ചടങ്ങ് പൂർത്തിയായതിനു ശേഷമാണ് അദ്ദേഹം ഉപവാസം അവസാനിപ്പിച്ചത്. ത്രേതായുഗത്തിൽ 14 വർഷമായിരുന്നു രാമന് മാറിനിൽക്കേണ്ടി വന്നത്. ഈ യുഗത്തിൽ നൂറ്റാണ്ടുകളോളം രാമന് അയോദ്ധ്യയെ വേർപിരിയേണ്ടി വന്നു. എന്നാൽ അതിന് പര്യവസാനമായിരിക്കുകയാണെന്നും അദ്ദേഹത്തിനായി ഭവ്യമന്ദിരം സമർപ്പിക്കുന്നുവെന്നുമാണ് പ്രധാമന്ത്രി പറഞ്ഞത്.















