പയ്യന്നൂർ: രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് പയ്യന്നൂരിലെ കാങ്കോൽ ശിവ ക്ഷേത്രത്തിൽ സംഘടിപ്പിച്ച ആഘോഷങ്ങൾ തടയാൻ സിപിഎം പ്രവർത്തകരുടെ ആസൂത്രിത ശ്രമം. ദീപോത്സവത്തിന്റെ ഭാഗമായി ചുറ്റുവിളക്ക്, പ്രസാദ വിതരണം, പൂജ, ഭജന എന്നിവയാണ് സിപിഎം പ്രവർത്തകർ തടയാൻ ശ്രമിച്ചത്.
പരിപാടി നടന്നുകൊണ്ടിരിക്കമ്പോൾ ഒരു സംഘം സിപിഎം പ്രവർത്തകർ സംഘടിച്ചു വരുകയും ഭക്തരുടെ ആഘോഷ പരിപാടികൾ തടയാൻ ശ്രമിക്കുകയും ചെയ്തു. ആയുധങ്ങളുമായെത്തിയവർ ക്ഷേത്രത്തിലെ കാര്യക്രമങ്ങൾ നിർത്തിവെയ്‌ക്കാൻ ക്ഷേത്ര ഭാരവാഹികളോട് ആവശ്യപ്പെട്ടു.
ആചാര വിശ്വാസങ്ങളെ അവഹേളിക്കുന്ന തരത്തിൽ അസഭ്യപരാമർശങ്ങളും നടത്തിയിരുന്നു. ക്ഷേത്രത്തിന്റെ മുന്നിൽ തടിച്ചുകൂടിയ ഇവർ ഭക്തജനങ്ങളെ ഭീഷണിപ്പെടുത്തുകയും സംഘർഷ അന്തരീക്ഷമുണ്ടാക്കുകയും ചെയ്തു. സംഘർഷം കൂടിയപ്പോൾ ഭക്തർ പെരിങ്ങോം പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് പെരിങ്ങോം പോലീസ് സ്ഥലത്തെത്തി സിപിഎം പ്രവർത്തകരെ ക്ഷേത്ര പരിസരത്ത് നിന്ന് ഇറക്കിവിട്ടു.















