ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ഇന്ന് മുതൽ പൊതുജനങ്ങൾക്ക് സന്ദർശിക്കാം. പ്രതിദിനം പതിനായിരങ്ങൾ രാംലല്ലയുടെ അനുഗ്രഹം തേടിയെത്തുമെന്നാണ് വിലയിരുത്തൽ. ക്ഷേത്രത്തിലെ ആരതിയിൽ പങ്കെടുക്കുന്നതിനായി പ്രത്യേകം പാസുകൾ ആവശ്യമാണ്. ഇത് ഓൺലൈനായും അല്ലാതെയും ഭക്തർക്ക് സൗജന്യമായി ലഭിക്കും. തിരിച്ചറിയൽ രേഖ സമർപ്പിച്ചാൽ പാസ് ലഭിക്കുമെന്ന് ക്ഷേത്രട്രസ്റ്റ് അറിയിച്ചു.
രാവിലെ ഏഴ് മുതൽ 11.30 വരെയും ഉച്ചയ്‌ക്ക് ശേഷം രണ്ട് മണി മുതൽ ഏഴ് വരെയും ദർശനം നടത്താം. രാവിലെ 6.30-നാണ് ജാഗരൺ അഥവ ശൃംഗാർ ആരതി നടക്കുന്നത്. മുൻകൂർ ബുക്കിംഗും ലഭ്യമാണ്. ഉച്ചയ്‌ക്ക് ഭോഗ് ആരതിയും രാത്രി 7.30-ന് സന്ധ്യ ആരതിയും നടക്കും. അന്നേ ദിവസം തന്നെ ബുക്കിംഗ് നടത്താം. ആരതി നടത്താൻ ആഗ്രഹിക്കുന്നവർ അര മണിക്കൂർ മുൻപ് തിരിച്ചറിയൽ രേഖയുമായി രാമക്ഷേത്രത്തിലെ ക്യാമ്പ് ഓഫീസിലെത്തണമെന്നാണ് രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് വെബ്സൈറ്റിൽ വ്യക്തമാക്കിയിരിക്കുന്നത്.
ക്ഷേത്രത്തിന്റെ താഴത്തെ നിലയിലാണ് ശ്രീകോവിൽ. ഇവിടെയാണ് രാംലല്ലയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. സിംഗ് ദ്വാറിലൂടെ 32 പടികൾ കയറിയാണ് കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രാഥമിക കവാടത്തിലെത്തുന്നത്. നൃത്യ മണ്ഡപം, രംഗ് മണ്ഡപം, സഭാ മണ്ഡപം, പ്രാർത്ഥന മണ്ഡപം, കീർത്തന മണ്ഡപം എന്നിങ്ങനെ അഞ്ച് മണ്ഡപങ്ങളാണ് ക്ഷേത്രത്തിലുള്ളത്. ക്ഷേത്രത്തിനോട് ചേർന്ന് പുരാതന കാലം മുതലുള്ള ചരിത്രപ്രസിദ്ധമായ സീതാ കിണർ സ്ഥിതി ചെയ്യുന്നു.















