ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ ഓഹരി വിപണികളുടെ പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്തി ഭാരതം. ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഓഹരി വിപണിയായി ഭാരതം മാറി. നേരത്തെ പട്ടികയിൽ അഞ്ചാമതായിരുന്നു ഇന്ത്യ. ഭാരതത്തിന്റെ സാമ്പത്തിക വളർച്ചയിലുള്ള വൻ കുതിപ്പാണ് ഈ മുന്നേറ്റം സൂചിപ്പിക്കുന്നത്.
ഹോങ്കോങ്ങിനെ മറികടന്നാണ് ഇന്ത്യ നാലാമത് എത്തിത്. ബ്ലൂംബെർഗ് പുറത്തുവിടുന്ന കണക്കുപ്രകാരം ഭാരതത്തിന്റെ ഓഹരി വിപണിയുടെ മൂല്യം 4.33 ട്രില്യൺ ഡോളറിലെത്തിയാണ് തിങ്കളാഴ്ച അവസാനിപ്പിച്ചത്. ഹോങ്കോങ്ങിന് ഇത് 4.29 ട്രില്യൺ ഡോളറായിരുന്നു. ഫ്രാൻസ്, യുകെ, കാനഡ, സൗദി അറേബ്യ എന്നീ രാജ്യങ്ങളെ നേരത്തെ തന്നെ ഭാരതം മറികടന്നിരുന്നു. യുഎസ്, ജപ്പാൻ, ചൈന എന്നിവരാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ളത്.
കഴിഞ്ഞ ഡിസംബർ അഞ്ചിനായിരുന്നു ഓഹരി വിപണി മൂലധനത്തിൽ ഭാരതം ആദ്യമായി 4 ട്രില്യൺ ഡോളർ പിന്നിട്ടത്. കഴിഞ്ഞ നാല് വർഷത്തിനുള്ളിലാണ് ഇതിൽ പകുതിയും സ്വന്തമാക്കിയിട്ടുള്ളത്. കോർപ്പറേറ്റുകളുടെ ഉയർന്ന വരുമാനവും റീട്ടെയിൽ നിക്ഷേപകരുടെ വളർച്ചയുമാണ് ഇന്ത്യൻ ഓഹരി മൂല്യം ഉയരാൻ കാരണം. ആഗോളതലത്തിൽ ചൈനയ്‌ക്ക് ബദലായി ഭാരതം മാറുകയാണെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. രാജ്യത്തെ സുസ്ഥിരമായ രാഷ്‌ട്രീയ അന്തരീക്ഷവും വളരുന്ന സമ്പദ്‌വ്യവസ്ഥയും കാരണം ആഗോള കമ്പനികളെയും മൂലധനത്തെയും ആകർഷിക്കാൻ ഇന്ത്യക്ക് സാധിക്കുന്നു.