കാസർകോട്: കരിന്തളം ഗവൺമെന്റ് കോളേജിലെ വ്യാജരേഖാ കേസിൽ എസ്എഫ്‌ഐ മുൻ നേതാവ് കെ. വിദ്യക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് വിദ്യയെ മാത്രം പ്രതി ചേർത്ത് നീലേശ്വരം പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായി വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചുവെന്നാണ് കുറ്റപത്രം.
മഹാരാജാസ് കോളേജിൽ ജോലി ചെയ്‌തെന്ന വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് വിദ്യ കരിന്തളം കോളേജിൽ വിദ്യ ജോലി ചെയ്തിരുന്നത്. ഈ കേസിലാണിപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. വിദ്യ മാത്രമാണ് കേസിലെ ഏകപ്രതിയെന്നും വ്യാജരേഖ നിർമിക്കാൻ മറ്റാരുടെയും സഹായം ലഭിച്ചില്ലെന്നും കുറ്റപത്രത്തിലുണ്ട്.
വ്യാജരേഖ നിർമിക്കൽ, വ്യാജരേഖ സമർപ്പിക്കൽ, വഞ്ചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് വിദ്യക്കെതിരെ ചുമത്തിയിരിക്കുന്നത്. മൊബൈൽ ഫോൺ ഉപയോഗിച്ചാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചതെന്നും ഇതുപയോഗിച്ച് സർക്കാർ ശമ്പളം കൈപറ്റിയെന്നും കുറ്റപത്രത്തിൽ പറയുന്നു.