ന്യൂഡൽഹി: സുഭാഷ് ചന്ദ്രബോസിന്റെ 128-ാം ജന്മദിനത്തിൽ അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചത്.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതത്തെയും ധൈര്യത്തെയും ഞങ്ങൾ ആദരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ സമർപ്പണം പ്രചോദനം നൽകുന്നതാണെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
1897 ജനുവരി 23-ന് ഒഡീഷയിലെ കട്ടക്കിലാണ് നേതാജി ജനിച്ചത്. കൊൽക്കത്തയിലെ പ്രസിദ്ധമായ പ്രസിഡൻസി കോളേജിലായിരുന്നു പഠനം. പഠനകാലം മുതൽ രാജ്യത്തിന് വേണ്ടി പോരാടിയ മഹാനാണ് സുഭാഷ് ചന്ദ്രബോസ്. പ്രസിദ്ധ വിപ്ലവകാരി ചിത്തരഞ്ജൻ ദാസിന്റെ കീഴിലാണ് സുഭാഷ് സ്വാതന്ത്ര്യ സമരപോരാട്ടം തുടങ്ങിയത്. രാജ്യത്തിന്റെ സ്വാതന്ത്ര്യം ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ ഓരോ പ്രവർത്തനങ്ങളും വാക്കുകളും. 1945-ൽ വിമാനാപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റായിരുന്നു സുഭാഷ് ചന്ദ്രബോസിന്റെ അന്ത്യം.















