ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പോപ്പുലർ ഫ്രണ്ട് ഭീകരരുടെ മനോനില പരിശോധിക്കാൻ പോലീസ്. ആലപ്പുഴ മെഡിക്കൽ കോളേജിൽ മാനസിക നില പരിശോധിക്കാനായി പ്രതികളെ എത്തിച്ചു. കോടതി നിർദ്ദേശപ്രകാരമാണ് നടപടി. പ്രതികൾക്ക് ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായാണ് മാനസിക നില പരിശോധന നടത്തുന്നത്.
ആദ്യ ഘട്ട കുറ്റപത്രത്തിലുള്ള 15 പേരും കുറ്റക്കാരാണെന്ന് കഴിഞ്ഞ 20ന് മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി ശ്രീദേവി വിധിച്ചിരുന്നു. മുഴുവൻ പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്ന വാദമാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കൽ കോടതി മുമ്പാകെ ഉന്നയിച്ചത്. എന്നാൽ കേസ് അത്യപൂർവ്വമല്ലെന്നാണ് പ്രതിഭാഗം വാദിച്ചത്.
പ്രതികളെ നേരിട്ട് കേൾക്കുന്നതിനായി കേസ് ഇൗ മാസം 25-ലേക്ക് മാറ്റി കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മാനസികാരോഗ്യ റിപ്പോർട്ട് കൂടി പരിഗണിച്ചതിന് ശേഷം 25ന് ശിക്ഷ വിധിക്കും.















