തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,70,99,326 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 1,39,96,729 സ്ത്രീ വോട്ടർമാരും 1,31,02,288 പുരുഷ വോട്ടർമാരും ഉൾപ്പെടുന്നു. 5.75 ലക്ഷം കന്നി വോട്ടർമാരാണുള്ളത്. ഭിന്നലിംഗം- 309. പ്രവാസി വോട്ടർ- 88,223. എന്നിങ്ങനെയാണ് മറ്റ് വോട്ടർമാരുടെ കണക്ക്. 25,177 പോളിംഗ് സ്റ്റേഷനുകളുണ്ട്. കേരളം ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാറാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് എം.കൗൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കൂടുതൽ വോട്ടർമാരുള്ള ജില്ല മലപ്പുറം (32,79,172). കുറവ് വോട്ടർമാരുള്ള ജില്ല വയനാട് (6,21,880). കൂടുതൽ സ്ത്രീ വോട്ടർമാരുള്ള ജില്ല മലപ്പുറം (16,38,971). പ്രവാസി വോട്ടർമാർ കൂടുതലുള്ള ജില്ല കോഴിക്കോട് (34,909).
അന്തിമ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ കഴിയാതെ പോയവർക്ക് തിരഞ്ഞെടുപ്പിനു മുൻപു വരെ അപേക്ഷ സമർപ്പിക്കാം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ് സൈറ്റിൽ (www.ceo.kerala.gov.in) അന്തിമ വോട്ടർ പട്ടിക ലഭ്യമാണ്.















