ഐസ്വാൾ: മിസോറാമിലെ ലെങ്പുയി വിമാനത്താവളത്തിൽ മ്യാൻമാറിന്റെ സൈനിക വിമാനം തകർന്നുവീണു. പൈലറ്റിനെ കൂടാതെ 14 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ആറ് പേർക്ക് പരിക്കേറ്റതായും എട്ട് പേർ സുരക്ഷിതരാണെന്നും മിസോറാം ഡിജിപി അറിയിച്ചു.
മിസോറാമിൽ അഭയം തേടിയ മ്യാൻമാർ സൈനികരെ തിരികെ കൊണ്ടു പോകാനായി എത്തിയ വിമാനമാണ് ലാൻിംഗിനിടയിൽ തകർന്ന് വീണത്. പരിക്കേറ്റവരെ ലെങ്പുയി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അരാക്കൻ വിമതഗ്രൂപ്പുകൾ സൈനിക ക്യാമ്പ് ആക്രമിച്ചതിനെ കഴിഞ്ഞാഴ്ച നൂറുകണക്കിന് സൈനികർ മിസോറാമിലെ ലോങ്ട്ലായ് ജില്ലയിൽ അഭയം പ്രാപിച്ചിരുന്നു. അസം റൈഫിൾസിന്റെ നിയന്ത്രണത്തിലായിരുന്നു ഇവർ തങ്ങിയത്.
കഴിഞ്ഞ ദിവസം മ്യാൻമാർ എയർഫോഴ്സിന്റെ വിമാനത്തിൽ 184 സൈനികരെ തിരികെ കൊണ്ടുപോയിരുന്നതായി അസം റൈഫിൾസ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ബാക്കിയുള്ള 92 പേരെ ഇന്ന് തന്നെ തിരിച്ചയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഒരു കേണലിന്റെ നേതൃത്വത്തിൽ 30 ഓഫീസർമാരും 240 സൈനികരുമാണ് മിസോറാമിൽ അഭയം തേടിയത്.