ഗുവാഹത്തി; ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുലിനെതിരെ കേസെടുക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിൽ എത്തിയതിനു പിന്നാലെ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിനെതിരെ കേസെടുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. രാഹുൽ അനുയായികളെ പ്രോകോപിപ്പിച്ച് സംഘർഷം ഉണ്ടാക്കുന്നതിന്റെ വീഡിയോ ഉൾപ്പെടെയുള്ള തെളിവുകൾ അദ്ദേഹം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചു.
നിർദ്ദേശങ്ങൾ പാലിക്കാതെ പോലീസുകാർ തീർത്ത ബാരിക്കേഡുകൾ പൊളിച്ചു നീക്കിയാണ് രാഹുൽ ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിൽ നടത്തിയത്. നക്‌സലേറ്റ് രീതികൾ കോൺഗ്രസിന്റെ സംസ്‌കാരമാണെന്നും അസമിലുള്ളവർ സമാധാനപരമായ രീതിയിൽ ജീവിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ പ്രകോപിപ്പിച്ച് രാഹുലാണ് സംഘർഷം ഉണ്ടാക്കിയതെന്നും ബാരിക്കേഡുകൾ പൊളിച്ചു നീക്കിയതിന്റെ ദൃശ്യങ്ങൾ തെളിവായി ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
प्रमाण सामने आ रहे हैं कि किस प्रकार से राहुल गांधी और जितेंद्र सिंह ने भीड़ को असम पुलिस के जवानों को मारने के लिए भड़काया।
हमारे जवान जनता के सेवक हैं, किसी शाही परिवार के नहीं।
निश्चिंत रहिए, क़ानून के हाथ बहुत लंबे होते हैं, आप तक जरूर पहुंचेंगे। pic.twitter.com/MqW1vyo73V
— Himanta Biswa Sarma (@himantabiswa) January 23, 2024
ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിൽ എത്തിയപ്പോൾ പോലീസ് തടഞ്ഞിരുന്നു. ഇതേത്തുടർന്നാണ് സംഘർഷം നടന്നത്. രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡുകൾ പൊളിച്ചു നീക്കുകയായിരുന്നു. അസം പോലീസുകാരെ കൊലപ്പെടുത്താൻ ശ്രമിക്കുന്ന തരത്തിലാണ് രാഹുലിന്റെ അനുയായികൾ പെരുമാറിയതെന്നും ഇത്തരം പ്രവണതകൾ വച്ചു പൊറുപ്പിക്കാൻ കഴിയില്ലെന്നും ഹിമന്ത ബിശ്വശർമ്മ ചൂണ്ടിക്കാട്ടി. അസം പോലീസുകാർ ഇവിടുത്തെ ജനങ്ങളെ സേവിക്കാനുള്ളതാണെന്നും ഒരു രാജ കുടുംബത്തിലെയും അംഗങ്ങളെ പരിപാലിക്കാനുള്ളവരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.















