ബോളിവുഡ് താരം വിക്രാന്ത് മാസിയെ കേന്ദ്രകഥാപാത്രമാക്കി വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12th ഫെയിലിന് വൻ പ്രേക്ഷക പ്രീതിയാണ് ലഭിച്ചത്. അനുരാഗ് പഥക്കിന്റെ ബെസ്റ്റ് സെല്ലർ എന്ന നോവലിലെ യഥാർത്ഥ പ്രമേയത്തെ ആസ്പദമാക്കി പുറത്തിറക്കിയ സിനിമ യുപിഎസ്‌സി വിദ്യാർത്ഥികളുടെ ജീവിതവും അവരുടെ പോരാട്ടങ്ങളും വിളിച്ചു പറയുന്നു.
ഐപിഎസ് ഓഫീസറായ മനോജ് കുമാർ ശർമ്മയുടെയും ഐആർഎസ് ഓഫീസർ ശ്രദ്ധ ജോഷിയുടെയും യഥാർത്ഥ കഥ പറയുന്ന ചിത്രം ഹിന്ദിക്ക് പുറമെ തമിഴ്, തെലുഗു, മലയാളം, എന്നീ ഭാഷകളിലും പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന് കയ്യടികളുമായി ആനന്ദ് മഹിന്ദ്ര ഉൾപ്പെടെയുള്ള പ്രമുഖരാണ് രംഗത്തെത്തിയത്. അത്തരത്തിൽ സിനിമയുമായി ബന്ധപ്പെട്ട ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
ചിത്രത്തിൽ മനോജ് കുമാർ ശർമ്മയായി വേഷമിട്ട വിക്രാന്ത് മാസിയുടെ മുഖത്തിനോടൊപ്പം ഐപിഎസ് ഓഫീസർ മനോജ് കുമാറിന്റെ മുഖത്തിന്റെ പാതിയും ചേർത്തുള്ള ചിത്രമാണ് വൈറലാകുന്നത്. 12th ഫെയിൽ ചിത്രത്തിന്റെ ആരാധകനായ ഒരാൾ നിർമ്മിച്ച ചിത്രം ഐപിഎസ് ഓഫീസറായ മനോജ് ശർമ്മയും പങ്കുവച്ചിട്ടുണ്ട്. 5 ലക്ഷം പേരാണ് ഇതിനോടകം ചിത്രം കണ്ടത്. താങ്കളുടെ ജീവിതം വളരെയധികം പ്രചോദനമാണെന്നുള്ള കമ്മന്റുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.















