കൊൽകത്ത: ആധുനിക ഇന്ത്യയുടെ ശില്പികളിൽ ഒരാളാണ് നേതാജി സുഭാഷ് ചന്ദ്രബോസ് എന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. അദ്ദേഹത്തിന്റെ ജീവിതത്തെയും ഗുണങ്ങളെയും കുറിച്ച് നാം അറിഞ്ഞിരിക്കണം. എന്നാൽ യഥാർത്ഥത്തിൽ നമുക്ക് അതിനെ കുറിച്ച് അറിയാമോ എന്നതാണ് ചോദ്യമെന്ന് സർസംഘചാലക് പറഞ്ഞു.നേതാജിയുടെ ജന്മവാർഷികത്തിൽ ബംഗാളിലെ സ്കൂളിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യം എന്ന സ്വപ്നം പൂർത്തീകരിക്കാതെ വിടാൻ തയ്യാറായിരുന്നില്ല. ഇത് ഒരു തലമുറയുടെ മാത്രം ഉത്തരവാദിത്തമല്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഇതിനായി തുടർച്ചയായി പരിശ്രമിക്കേണ്ടിവരുമെന്നും അതിന് സ്വന്തം ജീവിതം മതിയാകില്ലെന്നും അദ്ദേഹത്തിന് അറിയാമായിരുന്നുവെന്ന് സർസംഘചാലക് പറഞ്ഞു. ജനങ്ങളിലേക്ക് അന്ന് അദ്ദേഹം പകർന്ന ആവേശം തലമുറകളോളം സഞ്ചരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.