ഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതവും സംഭാവനയും രാജ്യത്തെ യുവജനങ്ങൾക്ക് പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ ആശങ്ങളുമായി ജനങ്ങളെ ബന്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ കഴിഞ്ഞ പത്ത് വർഷമായി സർക്കാർ നടത്തിയിട്ടുണ്ട്. പരമാധികാരത്തിന്റെ അഭാവം ഭരണവുമായി ബന്ധപ്പെട്ടതല്ലെന്നും ചിന്തയിലും പ്രവൃത്തിയിലും അതുണ്ടെന്നും നേതാജിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് സ്വാതന്ത്ര്യ സമര സേനാനിയെ സൃഷ്ടിക്കുന്നതിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. പരാക്രം ദിവസ് ആഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ ഭാരത് പർവ് 2024 അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇന്ന് പരാക്രം ദിവസ്, ഈ ദിവസം മുതൽ ഭാരത് പർവ് ചെങ്കോട്ടയിൽ നിന്ന് ആരംഭിക്കുന്നു. അടുത്ത 9 ദിവസങ്ങളിൽ, റിപ്പബ്ലിക് ദിന ടാബ്ലോകളിലൂടെയും ഭാരത് പർവിലെ സാംസ്കാരിക പരിപാടികളിലൂടെയും രാജ്യത്തിന്റെ വൈവിധ്യം പ്രദർശിപ്പിക്കും. ‘ജനാധിപത്യത്തിന്റെ മാതാവ്’ എന്ന ഇന്ത്യയുടെ സ്വത്വം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത് നേതാജിയാണ്. ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ച് ലോകത്ത് ചിലർക്ക് സംശയം തോന്നിയപ്പോൾ നേതാജി ഇന്ത്യയുടെ ജനാധിപത്യ ഭൂതകാലത്തെക്കുറിച്ച് അവരെ ഓർമ്മിപ്പിച്ചു.
“നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആദർശങ്ങളുടെ പ്രതിഫലനമാണ് ഭാരത് പർവ്. ഈ പർവ് പ്രാദേശികമായി ശബ്ദമുയർത്താനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും വൈവിധ്യത്തെ മാനിക്കാനും ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്’ എന്ന ആശയത്തിലൂടെ ഇന്ത്യയെ ഉയരങ്ങളിലെത്തിക്കാനുമാണ്. ഭാരത് പർവുമായി ബന്ധപ്പെടാനും രാജ്യത്തിന്റെ വൈവിധ്യം ആഘോഷിക്കാനും എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു.