ഭാഗ്യ സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. മകൾ സ്വപ്ന കണ്ടതിലും മികച്ച രീതിയിലാണ് സുരേഷ് ഗോപി മകളുടെ വിവാഹം നടത്തിയത്. ഭാഗ്യ വിവാഹത്തിന് അണിഞ്ഞ ആഭരണങ്ങളെയും വസ്ത്രങ്ങളെയും കുറിച്ചെല്ലാം സുരേഷ് ഗോപി തന്നെ വിശദമായി പറഞ്ഞിരുന്നു. എല്ലാം ഭാഗ്യയ്ക്ക് സമ്മാനമായി ലഭിച്ചതെന്നായിരുന്നു സുരേഷ് ഗോപി സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.
വിവാഹത്തെ സംബന്ധിച്ച് മറ്റൊരു വാർത്തയാണിപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. തിരുവനന്തപുരത്തെ വിവാഹ സൽക്കാരത്തിന് ഭാഗ്യയും ശ്രേയസും മുറിച്ച കേക്കാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയം. മൂന്നു തട്ടിൽ ഭാരതീയ വധുവിന്റെ രൂപത്തിലുള്ള ഒരു മുഖവും ചേർന്നതായിരുന്നു കേക്ക്. ഇത് ബേക്ക് ചെയ്തിരിക്കുന്നത് പ്രവാസിയായ കേക്ക് ബേക്കറാണ്. കേക്കിന് ഓർഡർ നൽകിയതിന് സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞുകൊണ്ട് ബേക്കർ തന്നെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആതിര ബേക്ക് ഹൗസ് എന്ന സ്ഥാപനമാണ് കേക്ക് നിർമ്മിച്ചു നൽകിയത്. ദുബായിലാണ് ഇവരുടെ സ്ഥാപനം. ഗവർണറുടെ സാന്നിധ്യത്തിലായിരുന്നു ഭാഗ്യയും ശ്രേയസും കേക്ക് മുറിച്ചത്.

ജനുവരി 17 ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ഭാഗ്യയുടെ വിവാഹത്തിൽ പ്രധാനമന്ത്രിയും മലയാളത്തിന്റെ താരരാജാക്കന്മാരും സാക്ഷിയായിരുന്നു. ശേഷം കൊച്ചിയിൽ സിനിമാ താരങ്ങൾക്കായി പ്രത്യേക വിവാഹ വിരുന്നും ഏർപ്പെടുത്തിയിരുന്നു. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും വിവാഹ സൽക്കാരത്തിൽ പങ്കെടുത്തിരുന്നു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടിയായിരുന്നു 20-ന് തിരുവനന്തപുരത്ത് സൽക്കാരം ഒരുക്കിയത്.















