ഓസ്കർ പുരസ്‌കാരത്തിനുള്ള അന്തിമ ചുരുക്കപ്പട്ടിക പുറത്ത്. ഇന്ത്യയിൽ നിന്നും മലയാള ചിത്രമായ 2018-നും ബോളിവുഡ് ചിത്രമായ ട്വൽത്ത് ഫെയിലും അന്തിമ പട്ടികയിൽ ഇടം നേടാൻ സാധിച്ചില്ല. എന്നാൽ, മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യൻ ഡോക്യുമെന്ററി ടു കിൽ എ ടൈഗർ ഇടം നേടിയിട്ടുണ്ട്. ഡോക്യുമെന്ററി ഫിലിം മേക്കർ നിഷ പഹുജയാണ് ടു കിൽ എ ടൈഗർ സംവിധാനം ചെയ്തിരിക്കുന്നത്.

88 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഔദ്യോഗിക എൻട്രിയായി മികച്ച രാജ്യാന്തര സിനിമാ വിഭാഗത്തിൽ മത്സരിക്കാൻ ഉണ്ടായിരുന്നത്. ഈ സിനിമകളെ 15 എണ്ണമായാണ് ചുരുക്കപ്പട്ടിക തയ്യാറാക്കുന്നത്. ഇതിൽ ഓസ്‌കർ അക്കാഡമിയിൽ അംഗങ്ങളായിട്ടുള്ളവർ വോട്ട് ചെയ്താണ് സിനിമകൾ തിരഞ്ഞെടുക്കുന്നത്.
96-ാമത് ഓസ്കർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൺഹൈമറാണ് മുന്നിൽ നിൽക്കുന്നത്. മികച്ച ചിത്രം, സംവിധായകൻ, നടൻ, നടി തുടങ്ങി 13 വിഭാഗത്തിലാണ് ചിത്രം മുന്നിൽ നിൽക്കുന്നത്.















