ന്യൂഡൽഹി: സിന്ധും അതിനോടടുത്തുള്ള സ്ഥലങ്ങളും വിഭജനത്തിന് മുൻപ് അഖണ്ഡ ഭാരതത്തിന്റെ ഭാഗമായിരുന്നു എന്നത് യാഥാർത്ഥ്യം നിറഞ്ഞതും എല്ലാവരും അംഗീകരിക്കുന്നതുമായ വസ്തുതയാണെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. അയോദ്ധ്യയിലെ രാമക്ഷേത്രം അഖണ്ഡ ഭാരതത്തിലേക്കുള്ള ചുവടു വയ്പ്പാണെന്നും അദ്ദേഹം പറയുന്നു.
പാകിസ്താൻ എത്ര തവണ എതിർപ്പ് രേഖപ്പെടുത്തിയാലും, സിന്ധ് ഉൾപ്പെടെയുള്ള പ്രവിശ്യകൾ അഖണ്ഡ ഭാരതത്തിന്റെ ഭാഗമായിരുന്നുവെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. നങ്കന സാഹിബ് പോലെയുള്ള സ്ഥലങ്ങൾ നേരത്തെ നമ്മുടേതായിരുന്നു. പഞ്ചാബ്, സിന്ധ്, ഗുജറാത്ത്, മറാത്ത എന്ന് ദേശീയഗാനത്തിൽ ഉൾപ്പെടുത്തി നമ്മൾ ദിവസവും ചൊല്ലുന്നുണ്ട്. അതിൽ നിന്ന് സിന്ധിനെ മാത്രം എങ്ങനെയാണ് നാം ഒഴിവാക്കി നിർത്തുന്നതെന്നും” അദ്ദേഹം ചോദിച്ചു.
ഇന്ത്യയുടെ ഭാഗമായിരുന്ന സിന്ധ് മേഖല വിഭജനത്തിന് ശേഷമാണ് പാകിസ്താന്റെ ഭാഗമാകുന്നത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സിഖ് മതവിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയങ്ങളിലൊന്നായ നങ്കന സാഹിബ് സ്ഥിതി ചെയ്യുന്നത്. അഖണ്ഡ ഭാരതം എന്ന യാഥാർത്ഥ്യം ആര് എതിർത്താലും അത് സത്യമല്ലാതായി മാറുകയില്ലെന്നും മോഹൻ യാദവ് പറയുന്നു.















