കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാനത്തെ കോൺഗ്രസ് അദ്ധ്യക്ഷനും എംപിയുമായ അധീർ രഞ്ജൻ ചൗധരി. അവസരവാദിയായ വ്യക്തിയാണ് മമതയെന്നും, തിരഞ്ഞെടുപ്പിൽ എങ്ങനെ മത്സരിക്കണമെന്നത് കോൺഗ്രസിന് അറിയാമെന്നും അധീർ രഞ്ജൻ ചൗധരി പറഞ്ഞു. 2011ലെ തിരഞ്ഞെടുപ്പിലൂടെ മമത ബാനർജി അധികാരത്തിലെത്തിയത് കോൺഗ്രസിന്റെ കാരുണ്യത്തിലാണെന്നും ഇക്കാര്യം മറക്കരുതെന്നും അധീർ രഞ്ജൻ കൂട്ടിച്ചേർത്തു.
” മമത ബാനർജിയുടെ കാരുണ്യത്തിലല്ല ഞങ്ങൾ തിരഞ്ഞെടുപ്പിന് നേരിടുന്നത്. മമത ബാനർജി വിട്ടുനൽകാമെന്ന് പറയുന്ന രണ്ട് സീറ്റുകളിൽ നേരത്തെ ബിജെപിയേയും തൃണമൂൽ കോൺഗ്രസ്സിനേയും പരാജയപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ എങ്ങനെ മത്സരിക്കണമെന്ന് കോൺഗ്രസിന് അറിയാം. അവസരവാദിയായ വ്യക്തിയാണ് മമത. 2011 ഞങ്ങളുടെ കാരുണ്യം കൊണ്ടാണ് അവർ അധികാരത്തിൽ വന്നത്.
നേതാക്കളെല്ലാം ഈ വിഷയവുമായി ബന്ധപ്പെട്ട് ഇതിനോടകം പല ചർച്ചകളും നടത്തിക്കഴിഞ്ഞു. മത്സരിച്ച് ജയിച്ച് തന്നെയാണ് ഇവിടെ വരെ എത്തിയിട്ടുണ്ട്. ഇനിയും എന്ത് വേണം എന്നത് ഞങ്ങൾക്ക് വ്യക്തമായി അറിയാമെന്നും” അധീർ രഞ്ജൻ ചൗധരി പറയുന്നു. അതേസമയം മമത തന്റെ അടുത്തയാളാണെന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാദം. എതിർ അഭിപ്രായം പറയുന്നത് സ്വാഭാവികമാണെന്നും, അധീർ രഞ്ജൻ നടത്തിയ പ്രസ്താവനകളെ കാര്യമാക്കി എടുക്കുന്നില്ലെന്നും രാഹുൽ പറയുന്നു.















