ബിസിസിഐയുടെ കഴിഞ്ഞ നാല് വർഷങ്ങളിലെ നമാൻ അവാർഡുകൾ വിതരണം ചെയ്തു. ഹൈദരാബാദിലായിരുന്നു ചടങ്ങ്. 2019-20, 2020-21, 2021-22, 2023 വർഷങ്ങളിലെ ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡ് ജേതാക്കൾക്കുള്ള പോളി ഉമ്രിഗർ പുരസ്‌കാരം മുഹമ്മദ് ഷമി , രവിചന്ദ്രൻ അശ്വിൻ , ജസ്പ്രീത് ബുമ്ര, ശുഭ്മാൻ ഗിൽ എന്നിവർ ഏറ്റുവാങ്ങി. കോവിഡിന് ശേഷം ഇതാദ്യമായാണ് അവാർഡ് ദാന ചടങ്ങ് നടക്കുന്നത്.
കഴിഞ്ഞ വർഷം രാജ്യാന്തര തലത്തിൽ കാഴ്ചവച്ച മികച്ച പ്രകടനമാണ് ഗില്ലിനെ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരത്തിന് അർഹനാക്കിയത്. ഏകദിനത്തിൽ കഴിഞ്ഞ വർഷം ഗിൽ അതിവേഗത്തിൽ 2000 റൺസ് പിന്നിട്ടിരുന്നു. ഇതിൽ അഞ്ച് സെഞ്ച്വറികളും ഉൾപ്പെടുന്നു. 2019-20 വർഷത്തിൽ 30 മത്സരങ്ങളിൽ നിന്ന് 19.81 ശരാശരിയിൽ 77 വിക്കറ്റുകളാണ് ഷമി വീഴ്‌ത്തിയത്. രാജ്യത്തിന് വേണ്ടി കളിക്കാനിറങ്ങുമ്പോൾ പലപ്പോഴും പരിക്കേൽക്കാറുണ്ട്. ടീമിനൊപ്പം കളിക്കുന്നതാണ് എന്റെ സന്തോഷം. ടീം ആവശ്യപ്പെടുമ്പോഴെല്ലാം കളിക്കാൻ തയ്യാറാണെന്നാണ് അവാർഡിന് ശേഷം ഷമി പറഞ്ഞത്.
അവാർഡ് ദാന ചടങ്ങിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ രവി ശാസ്ത്രിക്കും ഫറോഖ് എഞ്ചിനീയർക്കും അഭിമാനകരമായ കേണൽ സികെ നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിച്ചു. ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നിയും സെക്രട്ടറി ജയ് ഷായും ചേർന്നാണ് ഇരുവർക്കും അവാർഡുകൾ സമ്മാനിച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിനുള്ള മാധവറാവു സിന്ധ്യ പുരസ്‌കാരത്തിന് ജയദേവ് ഉനദ്കട്ട് , മായങ്ക് അഗർവാൾ , സർഫറാസ് ഖാൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.