ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉണ്ണി മുകുന്ദർ ചിത്രമാണ് ജയ് ഗണേഷ്. രഞ്ജിത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഏപ്രിൽ 11-നാണ് തിയേറ്ററിലെത്തുന്നത്. ഇന്നിതാ ചിത്രത്തെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ സന്തോഷം പങ്കുവെക്കുകയാണ് ഉണ്ണി മുകുന്ദൻ. ഒരു അഭിനേതാവ് എന്ന നിലയിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് ജയ് ഗണേഷെന്നും ബിഗ് സ്ക്രീനിലെത്തുമ്പോൾ രോമാഞ്ചമുണ്ടാകുമെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.
ഉണ്ണി മുകുന്ദൻ ഫിലിംസും രഞ്ജിത്ത് ശങ്കറിന്റെ ഡ്രീംസ് എൻ ബിയോണ്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒരിടവേളയ്‌ക്ക് ശേഷം മലയാളികളുടെ പ്രിയ നായിക ജോമോൾ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും സിനിമയ്‌ക്കുണ്ട്. മഹിമ നമ്പ്യാർ ആണ് ചിത്രത്തിലെ നായിക.
ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. നവംബർ 11-നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.