ചെന്നൈ: നടി ഷക്കില നൽകിയ പരാതിയിൽ വിശദീകരണവുമായി വളർത്തുമകൾ. ഷക്കീല ദിവസവും മദ്യപിച്ചാണ് വീട്ടിൽ വരുന്നതെന്നും മദ്യപിച്ച് കഴിഞ്ഞാൽ തന്നെ അടിക്കാറുണ്ടെന്നും വളർത്തുമകളായ ശീതൾ ആരോപിച്ചു. കഴിഞ്ഞ ദിവസവും മദ്യപിച്ച ഷക്കീല തന്നെ അടിച്ചുവെന്നും ഇത് സഹിക്കാൻ കഴിയാതെയാണ് തിരിച്ചടിച്ചതെന്നും ശീതൾ പറഞ്ഞു.
വ്യാജ പരാതി നൽകി കുടുക്കുമെന്നു പറഞ്ഞ് ഷക്കീല ഭീഷണിപ്പെടുത്തിയിരുന്നതായും വളർത്തു മകൾ ആരോപിച്ചു. പോലീസിന്റെ നിർദ്ദേശ പ്രകാരം വഴക്ക് ഒത്തു തീർപ്പാക്കിയതായിരുന്നു. എന്നാൽ വീണ്ടും പ്രശ്‌നം കുത്തിപ്പൊക്കി പോലീസിൽ ഷക്കീല പരാതിപ്പെട്ടതോടെയാണ് താനും പോലീസിൽ പരാതിപ്പെടാൻ തീരുമാനിച്ചതെന്നും ശീതൾ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച രാത്രി കോടമ്പാക്കത്തെ വീട്ടിൽ വച്ച് വളർത്തു മകളും കുടുംബവും തന്നെ മർദ്ദിച്ചെന്ന പരാതിയുമായി ഷക്കീല രംഗത്തെത്തിയിരുന്നു. വളർത്തു മകളുമായി വാക്കേറ്റം ഉണ്ടാവുകയും ഇതിന്റെ പ്രകോപനത്തിൽ ശീതൾ മർദ്ദിക്കുകയും തള്ളിയിടുകയും ചെയ്തുവെന്നായിരുന്നു ഷക്കീലയുടെ പരാതിയിൽ പറയുന്നത്.















