പാലക്കാട്: കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഭൂരേഖ തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍. പാലക്കാട് ഭൂരേഖ തഹസില്‍ദാര്‍ പി സുധാകരനെയാണ് സസ്‌പെൻഡ് ചെയ്തത്. സസ്പെൻഡ് ചെയ്യുന്നത് സംബന്ധിച്ച് പാലക്കാട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.
നഗരത്തിലെ മാള്‍ ഉടമയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് സുധാകരൻ പിടിയിലായത്. 50,000 രൂപയാണ് ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്. പണം കൈമാറുന്നതിനടെ വിജിലൻസ് സംഘം കയ്യോടെ ഇയാളെ പിടികൂടുകയായിരുന്നു. പാലക്കാട് തഹസില്‍ദാറുടെ അധിക ചുമതലകൂടി സുധാകരനായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം സുധാകരനെ പിടികൂടിയത്. ഉദ്യോഗസ്ഥനെതിരെ മുമ്പും നിരവധി പരാതികളുണ്ടായിട്ടുണ്ടെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.