ലക്നൗ : പ്രാണപ്രതിഷ്ഠയ്‌ക്ക് പിന്നാലെ അയോദ്ധ്യ രാമക്ഷേത്രത്തിലെത്തി വാനരപ്പട . രാം ലല്ലയെ ദർശിക്കാൻ ലക്ഷക്കണക്കിന് ആളുകൾ കാത്തു നിൽക്കവേയാണ് കൂട്ടത്തിലുള്ള ഒരു വാനരൻ ക്ഷേത്രത്തിൽ പ്രവേശിച്ചത് . ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിട്ടുണ്ട് . അതേസമയം “ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഹനുമാൻ തന്നെ രാംലല്ലയെ കാണാൻ വന്നതുപോലെയാണ്.” എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്.
“ഒരു വാനരൻ തെക്കേ ഗേറ്റിൽ നിന്ന് മണ്ഡപം വഴി ശ്രീകോവിലിൽ പ്രവേശിച്ച് ഉത്സവ വിഗ്രഹത്തിന് സമീപം എത്തി. പുറത്ത് നിയോഗിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ അതിനെ കണ്ടു. ഉത്സവ വിഗ്രഹം നിലത്ത് വീഴ്‌ത്തിയേക്കുമെന്ന് ഭയന്ന് അവർ കുരങ്ങിന്റെ അടുത്തേക്ക് ഓടി. എന്നാൽ പോലീസുകാർ അടുത്തേക്ക് ഓടിയെത്തിയപ്പോഴേയ്‌ക്കും കുരങ്ങൻ ശാന്തനായി വടക്കേ ഗേറ്റിലേക്ക് ഓടി. ഗേറ്റ് അടച്ചതിനാൽ കിഴക്കോട്ട് നീങ്ങി സന്ദർശകരെ കടന്ന് കിഴക്കേ കവാടത്തിലൂടെ ആർക്കും ബുദ്ധിമുട്ടുണ്ടാക്കാതെ പുറത്തിറങ്ങി.“ – എന്നാണ് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് കുറിച്ചത്.
അയോദ്ധ്യയിൽ ഇത്തരത്തിൽ വാനരന്മാരുടെ സാന്നിധ്യം ഉണ്ടാകുന്നത് ഇതാദ്യമല്ല. രാമജന്മഭൂമി വിമോചന പ്രസ്ഥാനത്തിന്റെ കാലത്ത്, പല പ്രധാന വഴിത്തിരിവുകളിലും സമാനമായ സാന്നിധ്യം കണ്ടിരുന്നു.1986 ഫെബ്രുവരി ഒന്നിന് ഫൈസാബാദ് ജില്ലാ കോടതി തർക്കഭൂമിയുടെ പൂട്ട് തുറക്കാൻ ഉത്തരവിട്ടിരുന്നു. അന്ന് ഫൈസാബാദിലെ ജില്ലാ കോടതിയുടെ മേൽക്കൂരയിലും വാനരൻ എത്തിയിരുന്നതായി തന്റെ ആത്മകഥയിൽ ജഡ്ജി കൃഷ്ണമോഹൻ പാണ്ഡെ കുറിച്ചു.
‘ ഞാൻ പൂട്ട് തുറക്കാനുള്ള ഉത്തരവെഴുതിയ ദിവസം, ഒരു കുരങ്ങ് ദിവസം മുഴുവൻ എന്റെ കോടതിയുടെ മേൽക്കൂരയിൽ കൊടിമരം പിടിച്ച് ഇരുന്നു. വിധി കേൾക്കാൻ കോടതിയിലെത്തിയവർ കുരങ്ങന് പഴവും കടലയും നൽകിയെങ്കിലും കുരങ്ങൻ ഒന്നും കഴിച്ചില്ല. നിശബ്ദമായി ഇരുന്നു. തീരുമാനത്തിന് ശേഷം, DM യും SSP യും എന്നെ എന്റെ വീട്ടിലേക്ക് കൊണ്ടുപോകാൻ പോയപ്പോൾ, എന്റെ വീടിന്റെ വരാന്തയിലും ഒരു കുരങ്ങൻ ഇരിക്കുന്നത് ഞാൻ കണ്ടു. ഞാന് അത്ഭുതപ്പെട്ടു. ഞാൻ അവനെ സല്യൂട്ട് ചെയ്തു. അത് ഏതോ ദൈവിക ശക്തിയായിരുന്നു.”- എന്നാണ് അന്ന് അദ്ദേഹം കുറിച്ചത്.
1990 ൽ തർക്ക മന്ദിരത്തിൽ ഉയർത്തിയ കാവിക്കൊടിയുടെ കാവൽക്കാരനായും വാനരനെ കണ്ടതായി റിപ്പോർട്ടുകൾ പറയുന്നു.















