ന്യൂഡൽഹി: 74-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അതിർത്തി പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കി സൈന്യം. സുരക്ഷയുടെ ഭാഗമായി കശ്മീരിലെ ബന്ദിപ്പോരയിൽ സ്നൈപ്പേർസിനെ വിന്യസിക്കുകയും രാത്രികാല പെട്രോളിംഗ് ശക്തമാക്കുകയും ചെയ്തു.
നിരീക്ഷണ ക്യാമറകൾ ഉപയോഗിച്ച് അതിർത്തി പ്രദേശങ്ങളിൽ 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ടെന്നും റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വാഹന പരിശോധകൾക്കായി ചെക്ക്പോസ്റ്റുകളിൽ നിരവധി ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. ഡ്രോണുകൾ ഉപയോഗിച്ചായിരിക്കും ദേശീയപാതകൾ നിരീക്ഷിക്കുക.
റിപ്പബ്ലിക് ദിനത്തിൽ രാവിലെ 10.30-ന് വിജയ് ചൗക്കിൽ നിന്നാണ് പരേഡ് ആരംഭിക്കുന്നത്. രാഷ്‌ട്രപതി ദ്രൗപദി മുർമു, ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിവർ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കും. ഡൽഹി ഏരിയ കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഭവ്നിഷ് കുമാറാണ് പരേഡ് നയിക്കുന്നത്. ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് മുഖ്യാതിഥിയായെത്തുന്നത്. ഈ വർഷത്തെ പരേഡിന് സാക്ഷിയാകാൻ 13,000 അതിഥികളെയും ക്ഷണിച്ചിട്ടുണ്ട്.