ജനതാ ഗാരേജ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് ജൂനിയർ എൻടിആർ. പിന്നീട് രാജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന ചിത്രത്തിലൂടെയും താരം ആരാധകരുടെ മനം കവർന്നു. ജൂനിയർ എൻടിആർ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ദേവര പാർട്ട്1. ജനതാ ഗാരേജിന്റെ സംവിധായകൻ കൊരട്ടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഏപ്രിൽ അഞ്ചിനായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ ചിത്രത്തിന്റെ റിലീസ് മാറ്റിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ വർഷം അവസാനത്തോടെയായിരിക്കും ദേവര പാർട്ട് 1 റിലീസിനെത്തുക. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. ആഗസ്റ്റിലോ സെപ്തംബറിലോ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക.
ചിത്രത്തിൽ സെയ്ഫ് അലി ഖാനാണ് പ്രതിനായക വേഷത്തിലെത്തുന്നത്. ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെ തുടർന്ന് താരം വിശ്രമത്തിലാണ്. അതിനാൽ അവസാനഘട്ട ചിത്രീകരണം വൈകും. കൂടാതെ ആന്ധ്രാപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് സാഹചര്യവും കണക്കിലെടുത്താണ് ദേവരയുടെ റിലീസ് മാറ്റിയതെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, കന്നട, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.
കൊരട്ടാല ശിവ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ജാൻവി കപൂർ നായികയാകുന്ന ചിത്രത്തിൽ പ്രകാശ് രാജ്. ശ്രീകാന്ത്, നരേൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. യുവസുധ ആർട്‌സും എൻ.ടി.ആർ ആർട്‌സും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം നിർവ്വഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ഛായാഗ്രാഹകൻ രത്‌നവേലുവും എഡിറ്റർ ശ്രീകർ പ്രസാദുമാണ്.















