ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നാളെ ഇന്ത്യയിലെത്തും. ഭാരതത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയാണ് അദ്ദേഹം. രാജസ്ഥാനിലെ ജയ്പൂരിലാണ് മാക്രോൺ എത്തുന്നത്. ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക്ക് ദിന പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. കരകൗശല വിദഗ്ധർ, ഇൻഡോ-ഫ്രഞ്ച് സാംസ്കാരിക പദ്ധതികളിലെ പങ്കാളികൾ, വിദ്യാർത്ഥികൾ എന്നിവരുമായി ഇരുനേതാക്കളും സംവദിക്കും.
ഇന്ത്യ സന്ദർശിക്കുന്ന അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കും. തുടർന്ന് ജയ്പൂരിലെ ആംബർ ഫോർട്ട്, ജന്തർ മന്തർ എന്നിവയുൾപ്പടെയുള്ള സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ഇരു നേതാക്കളും ഒരുമിച്ച് പിങ്ക് സിറ്റിയിൽ പര്യടനം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് മാക്രോൺ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ പങ്കെടുക്കുന്നത്. പര്യടനത്തിന് ശേഷം ഇരു നേതാക്കളും ഉഭയകക്ഷി ചർച്ചകൾ നടത്തും.