കൊൽക്കത്ത: കാർ അപകടത്തിൽ പരിക്ക് പറ്റിയതിന് പിന്നാലെ പ്രതികരണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തനിക്ക് പനി വരുന്നതായി തോന്നുവെന്നും താൻ വീട്ടിൽ പോയി വിശ്രമിക്കാൻ പോകുന്നുവെന്നും മമത ബാനർജി പറഞ്ഞു. ബർധമാനിൽ നിന്ന് കൊൽക്കത്തയിലേക്ക് മടങ്ങുന്നതിനിടയിലാണ് തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വാഹനം അപകടത്തിൽ പെട്ടത്.
അപകടത്തിൽ മമതയുടെ തലയ്‌ക്ക് നിസാര പരിക്കേറ്റിരുന്നു. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് മമതയുടെ വാഹനവ്യൂഹത്തിൽ മറ്റൊരു കാർ ഇടിക്കാൻ വരികയായിരുന്നു. ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ടതിനാലാണ് വൻ അപകടം ഒഴിവായത്. അപകടത്തിന് പിന്നാലെയാണ് പ്രതികരണവുമായി മമത ബാനർജി രംഗത്തെത്തിയത്.
“എനിക്ക് പനി വരുന്നതായി തോന്നുന്നു, എനിക്ക് തണുപ്പ് അനുഭവപ്പെടുന്നുണ്ട്. പെട്ടെന്ന് ഒരു വാഹനം എന്റെ കാറിന് മുന്നിലേയ്‌ക്ക് വരുകയായിരുന്നു. ആ വാഹനം അതിവേഗത്തിലായിരുന്നു വന്നത്. ഹാൻഡ് ബ്രേക്ക് വലിച്ചതിനാലാണ് ഞാൻ രക്ഷപ്പെട്ടത്. പരിക്കേറ്റിട്ടുണ്ട്, തലയിൽ മാത്രം. പോലീസ് അവരുടെ ജോലി ചെയ്യുന്നു. ഞാൻ എന്തായാലും ആശുപത്രിയിൽ പോകുന്നില്ല. എനിക്ക് വല്ലാതെ തണുക്കുന്നുണ്ട്, ഞാൻ വീട്ടിലേക്ക് പോകുകയാണ്”-മമത ബാനർജി പറഞ്ഞു.