ന്യൂഡൽഹി: പഴതടച്ച സമുദ്ര സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാസ്ഗാവ് ഡോക്ക് ഷിപ്ബിൽഡേഴ്‌സ് ലിമിറ്റഡുമായി (എംഡിഎൽ) 1,070 കോടി രൂപയുടെ കരാർ പ്രതിരോധ മന്ത്രാലയം ഒപ്പിട്ടു. ഇന്ത്യൻ കോസ്റ്റ് ഗാർഡിനായി അത്യാധുനിക നിരീക്ഷണക്കപ്പലുകളായ ഫാസ്റ്റ് പട്രോൾ വെസ്സൽസ് (എഫ്.പി.വി) ആണ് എംഡിഎൽ നിർമിക്കുക. 14 എഫ്പിവി സമുദ്ര മേഖലയിൽ കോസ്റ്റ് ഗാർഡിന് കരുത്തേകും.
ആത്മനിർഭർ ഭാരതിന്റെ ഭാഗമായി ദ്ദേശീയമായി രൂപകൽപന ചെയ്ത് നിർമിക്കുന്ന എഫ്പിവികൾ 63 മാസത്തിനുള്ളിൽ കോസ്റ്റ്ഗാർഡിന് കൈമാറുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വിവിധ ആവശ്യങ്ങൾക്കായുള്ള ഡ്രോണുകൾ, വയർലെസ് റിമോട്ട് വാട്ടർ റെസ്ക്യൂ ക്രാഫ്റ്റ്, വ്യത്യസ്ത ഭീഷണികളെ നേരിടാനായി എഐ അധിഷ്ഠിത സംവിധാനങ്ങൾ ഉൾപ്പെടെ എഫ്പിവികളിലുണ്ടാകും.
കള്ളക്കടത്ത്, കടൽക്കൊള്ള എന്നിവയുടെ നിയന്ത്രണത്തിനും ശക്തമായ നിരീക്ഷണത്തിനും ഇത് സഹായകമാകും. ആഴം കുറഞ്ഞ ഭാഗങ്ങളിൽ തിരച്ചിലുകൾ നടത്തുന്നതിനും മലിനീകരണം നിരീക്ഷിക്കാനും പ്രത്യേക സംവിധാനവും ഇതിലുണ്ടാകുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ തദ്ദേശീയമായ കപ്പൽ നിർമ്മാണ ശേഷി വർദ്ധിപ്പിക്കാൻ ഇതിന് സാധിക്കുമെന്നും രാജ്യത്ത് തൊഴിലവസരങ്ങളും വൈദഗ്ധ്യ വികസനവും സൃഷ്ടിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
പ്രതിരോധ രംഗത്തെ സ്വാശ്രയത്വമാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ഇതിനായി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 509 പ്രതിരോധ വസ്തുക്കൾക്കാണ് നിരോധനമേർപ്പെടുത്തിയത്. 2023 മെയ് മാസത്തിൽ രാജ്യത്തിന്റെ പ്രതിരോധ ഉത്പാദന മൂല്യം ആദ്യമായി ഒരകു ലക്ഷം കോടി രൂപ കടന്നിരുന്നു. സൈനിക ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറച്ചതും തദ്ദേശീയമായി ഉപകരണങ്ങളും ആയുധങ്ങളും വികസിപ്പിക്കുന്നത് വർദ്ധിപ്പിച്ചതുമാണ് ഇതിന് പിന്നിൽ.