വയനാട്: നാട്ടിലെ 90 മണിക്കൂർ നീണ്ട സഞ്ചാരത്തിനൊടുവിൽ ജനവാസ മേഖലയിലിറങ്ങിയ കരടി കാടുകയറി. പട്രോളിംഗ് ടീം പിന്തുടർന്നാണ് കരടി കാടുകയറിയെന്ന് ഉറപ്പുവരുത്തിയത്. ഇന്നലെ പനമരം കീഞ്ഞുകടവിൽ കരടിയെ കണ്ടശേഷം പിന്നീട് ഇതിനെ കണ്ടില്ലെന്ന് വനംവകുപ്പ് പറഞ്ഞു. ഇന്നലെ അർദ്ധരാത്രിയോടെയാണ് കരടിയെ വനംവകുപ്പ് കാടു കയറ്റിയത്. കാൽപ്പാടുകൾ പിന്തുടർന്ന് കരടി പോയ വഴി കണ്ടെത്താൻ ശ്രമിച്ചെങ്കിലും പിന്നീട് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും വനംവകുപ്പ് വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 2 മണിയോടെ പയ്യമ്പള്ളിയിലാണ് കരടിയെ ആദ്യം കണ്ടത്. പിന്നീട് കരിങ്ങാരിയിലെ നെൽപ്പാടത്തും തോട്ടത്തിലുമായി കരടിയെ കണ്ടു. വനംവകുപ്പ് മയക്കുവെടി വയ്‌ക്കാൻ ശ്രമിച്ചെങ്കിലും കരടി അവശനായതിനാൽ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ അർദ്ധരാത്രിയോടെ കരടിയെ വനംവകുപ്പ് കാടുകയറ്റി.