കാബൂൾ: പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ താലിബാൻ ഇനിയെങ്കിലും തയ്യാറാകണമെന്ന് അന്താരാഷ്‌ട്ര സംഘടനകൾ. ജനുവരി 24 ന് അന്താരാഷ്‌ട്ര വിദ്യാഭ്യാസ ദിനം ആഘോഷിക്കുന്ന വേളയിലാണ് സ്‌കൂൾ വീണ്ടും തുറക്കണമെന്ന ആവശ്യം അന്താരാഷ്‌ട്ര വേദികളിൽ ഉന്നയിക്കപ്പെട്ടത്.
താലിബാൻ അഫ്ഗാന്റെ ഭരണം പിടിച്ചെടുത്തതിന് ശേഷം പെൺകുട്ടികൾക്ക് സ്‌കൂളുകളിൽ വിലക്കുണ്ട്. രണ്ട് വർഷത്തിലധികമായി ആറാം ക്ലാസിന് ശേഷമുള്ള പഠനം നിലച്ചിട്ട്. അഫ്ഗാനിലെ യുഎൻ പ്രത്യേക പ്രതിനിധി റോസ ഒതുൻബയേവ , അഭയാർത്ഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണർ, വേൾഡ് ഫുഡ് പ്രോഗ്രാം, മറ്റ് അന്താരാഷ്‌ട്ര സംഘടനകൾ എന്നിവ താലിബാനോട് വിദ്യാഭ്യാസ നിരോധനം നീക്കാൻ ആവശ്യപ്പെട്ടതായി അഫ്ഗാൻ മാദ്ധ്യമമായ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
അഫ്ഗാന്റെ ഭാവി സുരക്ഷിതമാക്കാൻ എല്ലാവർക്കും വിദ്യാഭ്യാസം നൽകാൻ താലിബാൻ തയ്യാറാകണമെന്ന് റോസ ഒട്ടുൻബയേവ സമൂഹ മാദ്ധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. വിദ്യാഭ്യാസം പാശ്ചാത്യ രാജ്യങ്ങൾക്ക് മാത്രമല്ല മുസ്ലിം ലോകത്തിന്റെയും ആവശ്യമാണെന്ന് അന്താരാഷ്‌ട്ര വിദ്യാഭ്യാസ ദിനത്തിൽ ഒതുൻബയേവ പറഞ്ഞു.
ഇസ്ലാമിൽ എല്ലാ ദിവസവും വിദ്യാഭ്യാസ ദിനമാണ് എന്നാൽ നിർഭാഗ്യവശാൽ അന്താരാഷ്‌ട്ര വിദ്യാഭ്യാസ ദിനത്തിൽ അഫ്ഗാനിൽ സ്‌കൂളുകളും സർവ്വകലാശാലകളും അടച്ചിരിക്കുന്നു. എത്രയും വേഗം സ്‌കൂളുകൾ തുറക്കാൻ താലിബാൻ തയ്യാറാകണമെന്ന് സ്ത്രീകളുടെ അവകാശ പ്രവർത്തകയായ തഫ്സിർ സെയാപോഷ് ആവശ്യപ്പെട്ടു.
എന്നാൽ ആറാം ക്ലാസിനു മുകളിലുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് പ്രതികരിക്കാൻ താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് തയ്യാറായില്ല. അഫ്ഗാനിൽ പെൺകുട്ടികളുടെ സ്‌കൂൾ പഠനം അവസാനിച്ചിട്ട് 800 ദിവസവും സർവ്വകലാശാലകൾ അടച്ചുപൂട്ടിയിട്ട് 400 ദിവസവുമായി.















