ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള ധീരതയ്‌ക്കുള്ള അവാർഡുകളും സേവന മെഡലുകളും പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്താകെ 1,132 പേരാണ് മെഡലുകൾക്ക് അർഹരായത്. പോലീസ്, സിവിൽ ഡിഫൻസ്, ഹോം ഗാർഡ്, കറക്ഷണൽ സർവീസ്, അഗ്നിശമന സേന എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സേവന മെഡലുകൾ നേടിയതെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
ധീരതയ്‌ക്കുള്ള രാഷ്‌ട്രപതിയുടെ മെഡൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് ലഭിച്ചത്. സ്തുത്യർഹ സേവനത്തിനുള്ള 753 മെഡലുകളിൽ 667 എണ്ണം പോലീസ് സേവനത്തിനും 32 എണ്ണം അഗ്നിശമന സേനയ്‌ക്കും 27 എണ്ണം സിവിൽ ഡിഫൻസ് & ഹോം ഗാർഡ് സർവീസിനും 27 എണ്ണം കറക്ഷണൽ സർവീസിനും ലഭിച്ചു. വിശിഷ്ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ മെഡലുകളിൽ 94 എണ്ണം പോലീസ് സേവനത്തിനും 4 എണ്ണം അഗ്നിശമന സേനയ്‌ക്കും 4 എണ്ണം സിവിൽ ഡിഫൻസ് & ഹോം ഗാർഡ് സർവീസിനും ലഭിച്ചു.
ആകെ ലഭിച്ച 277 ധീര മെഡലുകളിൽ, ജമ്മു കശ്മീർ പോലീസ് സേനയിൽ നിന്ന് 72 പേർക്ക്, മഹാരാഷ്‌ട്ര പോലീസിൽ നിന്ന് 18, ഛത്തീസ്ഗഢ് പോലീസിൽ നിന്ന് 26, ഝാർഖണ്ഡ് പോലീസിൽ നിന്ന് 23, ഒഡീഷ പോലീസിൽ നിന്ന് 15, ഡൽഹി പോലീസിൽ നിന്ന് 8, സിആർപിഎഫിൽ നിന്ന് 65, എസ്എസ്ബിയിൽ നിന്ന് 21 പേർക്ക്, രണ്ട് ബിഎസ്എഫ് ഉദ്യോഗസ്ഥർക്കും ലഭിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (MONUSCO) യുഎൻ ഓർഗനൈസേഷൻ സ്റ്റെബിലൈസേഷൻ മിഷന്റെ ഭാഗമായി സമാധാന പരിപാലനം എന്ന അഭിമാനകരമായ ദൗത്യത്തിൽ മികച്ച സംഭാവന നൽകിയതിനാണ് രണ്ട് ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് രാഷ്‌ട്രപതിയുടെ ധീരതയ്‌ക്കുള്ള മെഡൽ ലഭിച്ചത്.
വിശിഷ്ട സേവനത്തിന് കേരളത്തിൽ നിന്ന് രണ്ട് പേർക്ക് മെഡൽ ലഭിച്ചു. എക്സൈസ് കമ്മീഷണർ മഹിപാൽ യാദവിനും എഡിജിപി ഗോപേഷ് അഗ്രവാളിനുമാണ് മെഡൽ ലഭിച്ചത്. സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡൽ കേരളത്തിൽ നിന്ന് 11 പേർക്ക് മെഡൽ ലഭിച്ചിട്ടുണ്ട്. ഐജി എ അക്ബർ,എസ്പിമാരാ ആർ.ഡി അജിത്, വി.സുനിൽകുമാർ, എസ്പി ഷീൻ തറയിൽ, ഡിവൈ.എസ്പി സുനിൽകുമാർ സി.കെ, എഎസ്പി വി. സുഗതൻ, ഡിവൈ.എസ്പി സലീഷ് എൻ.എസ്, രാധാകൃഷ്ണപിള്ള എ.കെ, എഎസ്ഐ ബി. സുരേന്ദ്രൻ, ഇൻസ്പെക്ടർ ജ്യോതീന്ദ്ര കുമാർ പി, എഎസ്ഐ മിനി.കെ എന്നിവരാണ് മെഡലിന് അർഹരായത്.
അഗനിശമനസേന വിഭാഗത്തിൽ വിശിഷ്ട സേവനത്തിന് എഫ്. വിജയകുമാറിനാണ് മെഡൽ ലഭിച്ചത്. ഈ വിഭാഗത്തിൽ സ്തുത്യർഹ സേവനത്തിന് കേരളത്തിൽ നിന്ന് നാല് മെഡലുകൾ ലഭിച്ചു. ജിജി എൻ, പി. പ്രമേദ്, അനിൽകുമാർ. എസ്, അനിൽ പി മണി എന്നിവർക്കാണ് മെഡലുകൾ.















