മലയാളികളുടെ പ്രിയതാരം ഉണ്ണിമുകുന്ദൻ പ്രധാന കഥാപാത്രമാകുന്ന തമിഴ് ചിത്രമാണ് ഗരുഡൻ. ശശി കുമാറും സൂരിയുമാണ് ചിത്രത്തിലെ മറ്റ് പ്രാധാന വേഷങ്ങളിൽ എത്തുന്നത്. ഒരു ഗ്രാമത്തിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.
ചിത്രത്തിന്റെ ഡബ്ബിംഗ് ആരംഭിച്ചിരിക്കുകയാണ്. നടൻ സൂരിയുടെ ഡബ്ബിംഗാണ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഡബ്ബിംഗ് ആരംഭിച്ചു എന്ന് അറിയിച്ചുകൊണ്ടുള്ള വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടു . കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഗ്ലിംപ്‌സ് വീഡിയോയും അണിയറ പ്രവർത്തകർ പങ്കുവച്ചിരുന്നു.
സംവിധായകൻ വെട്രിമാരൻ തിരക്കഥ ഒരുക്കുന്ന ചിത്രം ദുരൈ സെന്തിൽ കുമാറാണ് സംവിധാനം ചെയ്യുന്നത്. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ മൂന്ന് പേരും അവതരിപ്പിക്കുന്നത്. ആക്ഷന് പ്രാധാന്യം നൽകി ഒരുങ്ങുന്ന ചിത്രം ലാർക്ക് സ്റ്റുഡിയോസും ഗ്രാസ്റൂട്ട് ഫിലിം കമ്പനിയും ചേർന്നാണ് നിർമ്മിക്കുന്നത്.
സഹോദരങ്ങളുടെ വേഷത്തിലാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദനും ശശി കുമാറും എത്തുന്നത്. ഇവരുടെ വിശ്വസ്തനായ ജീവനക്കാരന്റെ വേഷത്തിലാണ് സൂരി എത്തുന്നത്. രേവതി ശർമ്മ, ശിവദ, രോഷിണി ഹരിപ്രിയൻ, സമുദ്രക്കനി, മൈം ഗോപി, മൊട്ട രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ആക്ഷന് പ്രാധാന്യം നൽകി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം യുവൻ ശങ്കർ രാജയാണ്.















