തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴും ധൂർത്ത് കുറയ്‌ക്കാതെ സർക്കാർ. കേരളീയം പരിപാടിയുടെ ചെലവിനത്തിലേക്ക് 10 കോടി രൂപ കൂടി അധികമായി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ടൂറിസം വകുപ്പിന്റെ നിർദ്ദേശ പ്രകാരമാണ് സർക്കാർ അധികമായി പണം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ 23നാണ് പണം ആവശ്യപ്പെട്ട് ടൂറിസം വകുപ്പ് സർക്കാരിന് കത്തയച്ചത്. ജനുവരി 23ന് സർക്കാർ പണം അനുവദിച്ച് ഉത്തരവിറക്കുകയായിരുന്നു.
നേരത്തെ കേരളീയത്തിനായി സർക്കാർ 27 കോടി 12 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ 10 കോടി രൂപ കൂടി അനുവദിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയും ട്രഷറി നിയന്ത്രണവും നിലനിൽക്കേയാണ് അത്യാഡംബരമായി സർക്കാർ കേരളീയം നടത്തിയത്. 9.39 കോടി രൂപയാണ് പ്രദർശനത്തിന് ചെലവായത്. പരിപാടിയുടെ പ്രധാന ആകർഷണമായി സംഘാടകർ പറയുന്ന ദീപാലങ്കാരത്തിന് 2 കോടി 97 ലക്ഷം രൂപയും പബ്ലിസിറ്റിക്ക് 3 കോടി 98 ലക്ഷം രൂപയും അനുവദിച്ചിരുന്നു. സാംസ്‌കാരിക പരിപാടികളുടെ സംഘാടനത്തിന് 3 കോടി 14 ലക്ഷം രൂപയും നേരത്തെ അനുവദിച്ചിരുന്നു.















