പത്തനംതിട്ട: മൂക്കിൽ പല്ല് മുളയ്‌ക്കാറായില്ലേ എന്ന ചോദ്യം ഹാസ്യരൂപേണ മിക്കപ്പോഴും പ്രയോഗിക്കാറുള്ള വാക്യമാണ്. ഇത്തരത്തിലൊരു സംഭവമാണ് പത്തനംതിട്ട അടൂരിൽ നടന്നിരിക്കുന്നത്. അടൂർ ജനറൽ ആശുപത്രിയിൽ നിന്നാണ് ഇത്തരത്തിലൊരു കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 37 വയസുകാരിയായ അടൂർ സ്വദേശിനിയുടെ മൂക്കിൽ പല്ല് വളർന്നതായി ഇഎൻടി വിഭാഗം കൺസൾട്ടന്റ് ഡോ.എം ആർ ഹരീഷ് കണ്ടെത്തുകയായിരുന്നു. തുടർന്ന് ശസ്ത്രക്രിയയിലൂടെ പല്ല് വിജയകരമായി നീക്കം ചെയ്തു.
വർഷങ്ങളോളമായി യുവതിയുടെ മൂക്കിൽ നിന്നും ദുർഗന്ധം വമിച്ചിരുന്നു. തുടർന്ന് സൈനസൈറ്റിസ് ആണെന്ന് കരുതി ചികിത്സ നടത്തി.എന്നാൽ ഇതിൽ മാറ്റമില്ലാതായതോടെ അടൂർ ജനറൽ ആശുപത്രിയിലെ ഇഎൻടി വിഭാഗത്തെ സമീപിക്കുകയായിരുന്നു. എൻഡോസ്‌കോപ്പിയും സിടി സ്‌കാനും ചെയ്തതിലൂടെയാണ് മൂക്കിൽ പല്ല് വളർന്നതായി കണ്ടെത്തിയത്.
ഈ പല്ലിൽ നിന്നുണ്ടായ അണുബാധയാണ് ദുർഗന്ധത്തിന് കാരണമായത്. ശസ്ത്രക്രിയയിലൂടെയാണ് പല്ല് മൂക്കിൽ നിന്നും നീക്കം ചെയ്തത്. ഇടത്തെ മൂക്കിലേക്ക് വളർന്ന പല്ലിന് ഒരു സെന്റീമീറ്ററോളം നീളമുണ്ട്. ഇന്നലെയാണ് ശസ്ത്രക്രിയ നടന്നത്. യുവതി ആരോഗ്യവതിയാണെന്നും മൂക്കിലേക്ക് പല്ല് വളർന്ന് കയറുന്നത് അപൂർവ്വമാണെന്നും ഡോക്ടർ വ്യക്തമാക്കി.